പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കാമുകനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി ഒഴിവത്തടം ചാമകണ്ടത്തിൽ സഞ്ജുവാണ് പൊലീസ് പിടിയിലായത്.
രണ്ട് മാസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയ വിദ്യാർഥിനിയുടെ മരണം സംബന്ധിച്ച് അടിമാലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിനിയുടെ കാമുകനും, ജീപ്പ് ഡ്രൈവറുമായ ഇരുപത്തിരണ്ടുകാരൻ സഞ്ജു സത്യൻ പൊലീസ് വലയിൽ ആയത്. അടിമാലി സർക്കിൾ ഇൻസ്പെക്ടർ കെ.സദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സഞ്ജുവിന്റെവീട്ടിൽ എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി നിരവധി തവണ ലൈംഗിക പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. പ്രതി നിരവധി തവണ പീഡിപ്പിച്ച ശേഷം അവഗണിച്ചതിൽ ഉള്ള മനോവിഷമമാണ് പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പെൺകുട്ടിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. മുന്നൂറിൽ പരം ആളുകളില്‍ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷമാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം സഞ്ജുവിന്റെഅറസ്റ്റ് രേഖപ്പെടുത്തിയത്.പീഡനത്തിന് ശേഷം താൻ പെൺകുട്ടിയുടെ ഫോൺ കോളുകളും ,സന്ദേശങ്ങളും സ്വീകരിച്ചില്ലെന്നും പോലീസ് വലയിൽ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും സഞ്ജു പൊലീസിന് മൊഴി നൽകി.