ഇടുക്കി:പള്ളിവാസലില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയ്‌ക്കായി അന്വേഷണം ഊർജിതമാക്കിയതായി ഇടുക്കി എസ്.പി ആര്‍. കറുപ്പ് സ്വാമി. സംഭവ സ്ഥലം സന്ദർശിച്ച ശേഷം ഇ.ടി.വി. ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഇരുപതാം തീയതിയാണ് പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപം പതിനേഴ് വയസുള്ള പെൺകുട്ടിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ റിസോര്‍ട്ടിലെ സി.സി.ടി.വിയില്‍ പെണ്‍കുട്ടിയും ബന്ധുവായ അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം അരുണിലേക്കെത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫാക്കിയിരിക്കുന്നതിൽ സംശയം തോന്നുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മുറിയിൽ നിന്ന് ഒരു കത്ത് പൊലീസിന് ലഭിക്കുകയും ചെയ്തു. തന്നെ അവള്‍ വഞ്ചിച്ചുവെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം താനും മരിക്കുമെന്നുമാണ് കത്തില്‍ പറയുന്നതെന്നാണ് സൂചന. അതുകൊണ്ട് തന്നെ പ്രതി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നല്ല.
ഇടുക്കി എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഭവ സ്ഥലം നേരിട്ട് സന്ദര്‍ശിച്ചു. ഇടുക്കി ഡി.വൈ.എസ്.പി കെ.ഇ ഫ്രാന്‍സീസ് ഷെല്‍ബി, വെള്ളത്തുവല്‍ സി.ഐ ആര്‍.കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതി ആത്മഹത്യ ചെയ്യാനുള്ള സാധ്യയുള്ളതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ ആറ് സംഘങ്ങളായി തിരിച്ച് എല്ലാ മേഖലകളും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയാണെന്നും എസ്.പി വ്യക്തമാക്കി.