ഇടുക്കി: കടുവ ഭീതി വിട്ടൊഴിയാതെ മൂന്നാറിലെ തോട്ടം മേഖലകൾ. . കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കന്നിമല ടോപ് ഡിവിഷനിലും നൈമക്കാട് എസ്റ്റേറ്റിലുമായി പത്ത് പശുക്കളെയാണ് കടുവ കൊന്ന് തിന്നത്. വനംവകുപ്പ് നഷ്ടപരിഹാരമോ വേണ്ട നടപടികളോ സ്വീകരിക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
മൂന്നാർ നൈമക്കാട് വെസ്റ്റ് ഡിവിഷനിലാണ് ഗര്‍ഭിണിയായ പശുവിനെ കടുവ കൊന്ന് തിന്നത്. മേയാന്‍ അഴിച്ച് വിട്ടിരുന്ന പശു തിരിച്ച് വരാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് എസ്റ്റേറ്റില്‍ നിന്നും മൂന്നൂറ് മീറ്റര്‍ അകലെ തേയിലക്കാട്ടില്‍ പാതി ഭക്ഷിച്ച നിലയില്‍ പശുവിന്‍റെ ജഡം കണ്ടെത്തിയത്. എസ്റ്റേറ്റ് തൊഴിലാളിയായ പളനിച്ചാമിയുടെ പശുവിനെയാണ് കടുവ കൊന്നത്.
കൂട് സ്ഥാപിച്ച് കടുവയെ പിടികൂടുന്നതിന് നടപടി സ്വീകരിക്കണമെന്ന് തോട്ടം തൊഴിലാളികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ആക്ഷേപം. വനംവകുപ്പ് നടപടി സ്വീകരിക്കാതെ വന്നതോടെ തൊഴിലാളി തന്നെ ഇവിടെ കെണിവയ്ക്കുകയും ഇതില്‍ പെട്ട് ആറുമാസം മുമ്പ് കടുവ ചാവുകയും ചെയ്തിരുന്നു. കെണിവച്ചതിനെ തുടർന്ന് മുരുകനെന്ന തൊഴിലാളിയെ വനംവകുപ്പ് അറസ്റ്റും ചെയ്തു. എന്നാല്‍ വന്യമൃഗങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണം ജനങ്ങളുടെ ജീവന് നല്‍കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.