ഇടുക്കി: ടൂറിസം മേഖലയിൽ ഏറ്റവും അധികം പദ്ധതികൾ നടപ്പിലാക്കിയ സർക്കാരാണ് പിണറായി സർക്കാരെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ്റെ രണ്ടാംഘട്ട വികസനമുൾപ്പെടെ സംസ്ഥാനത്തെ വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം മേഖലക്ക് കൊവിഡ് ഏൽപ്പിച്ച മാന്ദ്യത്തിൽ നിന്ന് മുമ്പോട്ട് കുതിക്കാൻ പുതിയ പദ്ധതികൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
3.5 കോടി രൂപയാണ് ബൊട്ടാണിക്കൽ ഗാർഡന്‍റെ രണ്ടാംഘട്ട വികസനത്തിന് അനുവദിച്ചിരിക്കുന്നത്. കൂടാതെ ഗാർഡനിൽ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് 99 ലക്ഷം രൂപയും ടോയ്ലറ്റ് ബ്ലോക്കിന് 1.48 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മൂന്നാറിൽ നടന്ന ചടങ്ങൽ മന്ത്രി വീഡിയോ കോണ്‍ഫറൻസ് വഴിയാണ് പങ്കെടുത്തത്. പദ്ധതികളുടെ പ്രാദേശിക ഉദ്ഘാടനം എസ് രാജേന്ദ്രൻ എംഎൽഎ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ റാണി, പഞ്ചായത്തംഗങ്ങളായ റീന മുത്തുകുമാർ, പേച്ചിയയമ്മാൾ, രാജേന്ദ്രൻ, മുൻ ഡെപ്യൂട്ടി സ്‌പീക്കർ സിഎ കുര്യൻ, ഡിടിപിസി സെക്രട്ടറി പിഎസ് ഗിരീഷ്, പി പഴനിവേൽ, ഭാഗ്യരാജ് തുടങ്ങിയവർ പങ്കെടുത്തു.