ഇടുക്കി: രാജാക്കാട് സർവേ സൂപ്രണ്ട് ഓഫീസ് പൂട്ടാതെ പോയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ജില്ലാ കലക്ടറുടെ നടപടി. നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സർവ്വേ സൂപ്രണ്ട്, ഓഫീസ് അസിസ്റ്റന്‍റ് എന്നിവർക്കെതിരെ നടപടി സ്വീകരിക്കാന്‍ വകുപ്പ് ഡയറക്ടർക്ക് ജില്ലാ കലക്ടർക്ക് ശുപാർശ നൽകുകയും ചെയ്‌തു. റവന്യൂ വിഭാഗം ജീവനക്കാരായ ഒരു യുഡി ക്ലർക്ക്, ഒരു എൽഡി ക്ലർക്ക്, രണ്ട് ഓഫീസ് അസിസ്റ്റന്‍റ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജാക്കാട് പ്രവർത്തിക്കുന്ന സർവേ സൂപ്രണ്ട് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥർ വീടുകളിലേക്ക് മടങ്ങിയത്. ഓഫീസ് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും എസ്ഐ പിഡി അനൂപ് മേനോൻ സ്ഥലത്തെത്തി ഓഫീസ് പൂട്ടുകയും ചെയ്തു. വിഷയം ശ്രദ്ധയിൽപ്പെട്ട ഇടുക്കി ജില്ലാ കലക്ടർ ഇന്നലെ ഉദ്യോഗസ്ഥരെ കലക്ടറേറ്റിലേക്ക് വിളിച്ചുവരുത്തിയിരുന്നു. നിർണായക രേഖകൾ സൂക്ഷിച്ചിരിക്കുന്ന ഓഫീസ് പൂട്ടാതെ പോയ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത് കൂടാതെ കൂടുതൽ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.