ഇടുക്കി: നെടുങ്കണ്ടം പൊന്നാമലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. ഇന്ന് രാവിലെ പ്രദേശത്ത് പുല്ല് ചെത്തുവാനായിപ്പോയ വീട്ടമ്മയാണ് രണ്ട് പുലികളെ കണ്ടതായി പറഞ്ഞത്. കല്ലാർ, ചിന്നാർ ഫോറസ്‌റ്റ് സെക്ഷൻ ഓഫിസിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധനകൾ നടത്തിവരികയാണ്.
ഏലത്തോട്ടങ്ങളും വനമേഖലയും അടങ്ങിയ പ്രദേശമായ പൊന്നാമല, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്‍റെ പടിഞ്ഞാറൻ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ മുമ്പ് പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പുലിയെ കണ്ടതിനെ തുടര്‍ന്ന് രാവിലെ ഒച്ച വച്ച് ഓടിയ വീട്ടമ്മയുടെ പിന്നാലെ എത്താൻ പുലികൾ ശ്രമം നടത്തിയതായി പറയപ്പെടുന്നു.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. പുൽമേടുകൾ നിറഞ്ഞ പ്രദേശമായതിനാൽ ഇവിടെ പുലിയുടെ കാൽപ്പാട് കണ്ടെത്താനായിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടുദിവസം മേഖലയിൽ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.