ഇടുക്കി: ഗതാഗതയോഗ്യമായിരുന്ന റോഡ് പഞ്ചായത്ത് അധികൃതർ കുത്തിപൊളിച്ചു ദുർഘടാവസ്ഥയിലാക്കിയതായി പരാതി. വീതികൂട്ടി ടാർ ചെയ്യാനായി കുത്തിപൊളിച്ച രാജകുമാരി വില്ലേജ് പടി- ഹരിത ജംഗ്‌ഷൻ റോഡാണ് രണ്ടു വർഷക്കാലമായി കുണ്ടും കുഴിയുമായി കിടക്കുന്നത്. രാജകുമാരി വില്ലേജ് ഓഫീസിനു മുൻപിലൂടെ കടന്നു പോകുന്ന വില്ലേജ് പടി -ഹരിത ജംഗ്‌ഷൻ റോഡിന്റെ മുന്നൂറ് മീറ്റർ ഭാഗമാണ് ദുർഘടാവസ്ഥയിലായിരിക്കുന്നത്. 2018 ൽ റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിനായി നിലവിൽ ഉണ്ടായിരുന്ന ടാറിംഗ് നീക്കം ചെയ്ത് റോഡിന് വീതി കൂട്ടിയെങ്കിലും രണ്ടു വര്‍ഷം പിന്നിട്ടിട്ടും ടാറിംഗ് നടത്തുവാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
രാജകുമാരി സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. കഴിഞ്ഞ വര്ഷം ടാറിംഗ് ജോലികൾ നടത്തുന്നതിന് ഫണ്ട് അനുവദിച്ചിരുന്നെകിലും ചില സാങ്കേതിക പ്രശ്ങ്ങൾ കാരണമാണ് ടാറിംഗ് നടക്കാതെ പോയത് എന്ന് വാർഡ് മെമ്പർ അറിയിച്ചു. മാർച്ചിന് മുൻപായി റോഡ് ഗതാഗതയോഗ്യമാക്കുമെന്ന പ്രതീക്ഷയിലാണ് രാജകുമാരി നിവാസികൾ.