ഇടുക്കി: വിപണി ഇല്ലാത്തതിനാല്‍ വിളവെടുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പാഷൻ ഫ്രൂട്ട് കർഷകർ. രാജകുമാരി മുരിക്കുംതൊട്ടിയിലെ രണ്ടരയേക്കർ സ്ഥലത്ത് വിപുലമായി കൃഷിയിറക്കിയ കർഷകരാണ് ദുരിതത്തിലായത്. പാഷൻ ഫ്രൂട്ട് സംഭരിക്കുന്നതിന് ഹോര്‍ട്ടികോര്‍പ് വേണ്ട ഇടപെടല്‍ നടത്തണമെന്നാണ് ഇവരുടെ ആവശ്യം. വിനോദ സഞ്ചാര മേഖലയില്‍ വലിയ വിപണി സാധ്യതയും വിലയുമുണ്ടായിരുന്ന പാഷൻ ഫ്രൂട്ട് ഇത്തവണ ഹൈറേഞ്ചില്‍ വ്യാപകമായി കൃഷിയിറക്കിയിരുന്നു.
കിലോഗ്രാമിന് നൂറ് രൂപവരെ വില ലഭിച്ചിരുന്ന സാഹചര്യത്തില്‍ വലിയ പ്രതീക്ഷയോടെയാണ് മുരിക്കുംതൊട്ടി പറമ്പില്‍ ഉമ്മറും, താഴത്ത് അബൂബക്കറും ചേര്‍ന്ന് രണ്ടരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് പാഷൻ ഫ്രൂട്ട് കൃഷി നടത്തിയത്. ഇത്തവണ മികച്ച വിളവും ലഭിച്ചു. എന്നാല്‍ ലോക്ക് ഡൗണില്‍ വിപണികളടച്ചതോടെ വിളവെടുക്കാനാകാതെ ക്വിന്‍റല്‍ കണക്കിന് പാഷൻ ഫ്രൂട്ടാണ് പന്തലില്‍ പാകമായി കിടക്കുന്നത്.
ആയിരം കിലോയോളം നിലവില്‍ വിളവെടുക്കാന്‍ പാകമായിട്ടുണ്ട്. ബാങ്ക് വായ്പ എടുത്തും പാട്ടത്തിന് സ്ഥലമെടുത്തുമാണ് കൃഷിയിറക്കിയത്. നിലവില്‍ വിളവെടുക്കാന്‍ കഴിയാത്തതിനാല്‍ പാട്ടക്കാശും, ബാങ്ക് വായ്പയും തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാല്‍ ഹോര്‍ട്ടികോര്‍പ് ഇവ സംഭരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.