ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണയും ഇടുക്കിയിൽ പ്രചാരണ വിഷയമാകുക ഭൂമി കയ്യേറ്റം തന്നെയാവും. പ്രളയത്തിനുശേഷം മൂന്നാറിലെ കയ്യേറ്റങ്ങൾ രാഷ്ട്രീയ പിന്തുണയോടെ പൂർവ്വാധികം ശക്തമായതിന് തെളിവാണ് ഇപ്പോഴത്തെ വിവാദങ്ങൾ. സിപിഎമ്മും കോൺഗ്രസും ബിജെപിയുമടക്കമുളള പ്രാദേശിക നേതൃത്വങ്ങള്‍ ഒരേ വശത്ത് നിൽക്കുന്ന വിഷയത്തിൽ സാമുദായിക സമവാക്യങ്ങളായിരിക്കും നിർണായകമാവുക.
സിപിഎമ്മിനെ മെരുക്കി എടുക്കുവാനുള്ള ആയുധമായി വിഷയം സിപിഐ ഏറ്റെടുത്ത് കഴിഞ്ഞു. ശ്രീരാം വെങ്കിട്ടരാമൻ സബ് കളക്ടർ ആയിരുന്ന വിവാദകാലത്ത് എന്നതുപോലെ ഇപ്പോൾ രേണു രാജിനും പൂർണ പിന്തുണയാണ്. എസ്. രാജേന്ദ്രനെ പ്രതിക്കൂട്ടിലാക്കിയ മൂന്നാറിലെ കയ്യേറ്റത്തിൽ മാത്രം വിഷയം അവസാനിക്കുന്നില്ല. ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ തൊടുപുഴ ഒഴികെയുള്ള എല്ലാ താലൂക്കുകളിലും പ്രശ്നം സജീവമാണ്. അതുകൊണ്ടുതന്നെ കരുതലോടെയാണ് സിപിഎം നേതാക്കളുടെയും പ്രതികരണം.
മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ സിപിഐ ഓഫീസിൽ കൈവെക്കും വരെ വിഎസിനൊപ്പം ആയിരുന്നു കാനത്തിന്‍റെ പാർട്ടി. ഒഴിപ്പിക്കലിനെ പിന്തുണയ്ക്കുന്ന പാർട്ടികൾക്ക് വോട്ടു കിട്ടില്ല എന്നതാണ് ഇടുക്കിയുടെ രാഷ്ട്രീയം. അത് മുന്നിൽ കണ്ടാണ് സിപിഎമ്മും കോൺഗ്രസുമെല്ലാം ഒരേ ശബ്ദത്തില്‍ പ്രചാരണം നടത്തുന്നത്.