ഇടുക്കി: ഇടുക്കി പണിക്കന്‍കുടിയില്‍ സമീപവാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് അയച്ചു. അതേസമയം, ഒളിവില്‍ പോയ സമീപവാസിയും വീട്ടുടമയുമായ ബിനോയിക്ക് വേണ്ടി പൊലീസ് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം ഊര്‍ജ്ജിതമാക്കി.
മൃതദേഹം അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍
ഇന്നലെ ഉച്ചയോടെയാണ് കാമാക്ഷി സ്വദേശിയും പണിക്കന്‍കുടിയില്‍ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന സിന്ധുവിന്‍റെ മൃതദേഹം ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ സമീപവാസിയായ മാണിക്കുന്നേല്‍ ബിനോയിയുടെ വീടിന്‍റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചെങ്കിലും സമയം വൈകിയതിനാല്‍ ഇന്നലെ മൃതദഹം പുറത്തെടുക്കുവാന്‍ സാധിച്ചില്ല.
ഇന്ന് രാവിലെ കോട്ടത്ത് നിന്നുള്ള ഫോറന്‍സിക് വിദഗ്‌ധരെത്തി പരിശോധന നടത്തിയതിന് ശേഷം ഇടുക്കി തഹസില്‍ദാര്‍ വിന്‍സെന്‍റ് ജോസഫിന്‍റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. വസ്ത്രങ്ങള്‍ ഇല്ലാത്ത നിലയായിരുന്നു മൃതദേഹം. മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് മറച്ചിരുന്നു. കുഴിക്കുള്ളില്‍ ഇറക്കി ഇരുത്തിയതിന് ശേഷം മൂടുകയാണ് ചെയ്‌തത്.
കാണാതായത് പന്ത്രണ്ടാം തീയതി മുതല്‍
കഴിഞ്ഞ പന്ത്രണ്ടാം തീയതി മുതലാണ് സിന്ധുവിനെ കാണാതായത്. പതിനൊന്നാം തീയതി ബിനോയിയുമായി വാക്കു തര്‍ക്കം ഉണ്ടായതായി സിന്ധു മകളെ ഫോണില്‍ വിളിച്ച് അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സംശയത്തെ തുടര്‍ന്ന് അന്വേഷണം ബിനോയിലേക്കെത്തിയതോടെയാണ് ഇയാള്‍ കഴിഞ്ഞ പതിനാറാം തീയതി മുതല്‍ ഒളിവില്‍ പോയത്. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാള്‍ തമിഴ്‌നാട്ടിലേയ്ക്ക് കടന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.
ഇതിന് ശേഷം ഇയാള്‍ ഫോണും സിമ്മും മാറ്റിയതായാണ് വിവരം. ഇതോടെ സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Read more: കാണാതായ വീട്ടമ്മയുടെ മൃതദേഹം ഒപ്പം താമസിച്ചിരുന്ന യുവാവിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തി