ഇടുക്കി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കരുണാപുരം പഞ്ചായത്തില്‍ വ്യാപക സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി ആരോപണം. ബാലഗ്രാം സ്വദേശിയായ എന്‍.ഡി തമ്പിയാണ് പഞ്ചായത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പഞ്ചായത്ത് ഉദ്യോഗസ്ഥർ തൊഴിലാളികളുടെ കൈയ്യില്‍ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തുകയാണെന്നും തൊഴിലാളികളുടെ ഫോട്ടോയെടുപ്പിനും മറ്റും നിര്‍ബന്ധിത പിരിവ് നടത്തുന്നതായും തമ്പി ആരോപിച്ചു.
ഗ്രാമപഞ്ചായത്തില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ഇത്തരം ചെലവുകള്‍ക്ക് തൊഴിലാളികളില്‍ നിന്നും പണപ്പിരിവ് നടത്താന്‍ പാടില്ല എന്ന് പറയുന്നുണ്ടെങ്കിലും പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരുടെ അറിവോടു കൂടി ഇപ്പോഴും പിരിവ് തുടരുകയാണ്. നിലവില്‍ ഗ്രാമപഞ്ചായത്തില്‍ 365 മേറ്റുമാരും 9000 തൊഴിലാളികളും ഉണ്ട്. ജോലിയുടേയും തൊഴിലാളികളുടേയും എണ്ണം പരിശോധിച്ചാല്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നത് വ്യക്തമാകും. ഗ്രാമപഞ്ചായത്തിലെ അഴിമതിയും സാമ്പത്തിക തട്ടിപ്പും ചോദ്യം ചെയ്‌തതിനാല്‍ തനിക്ക് തൊഴിലുറപ്പ് വേതനം നിഷേധിച്ചതായും തമ്പി പറയുന്നു. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്നും തമ്പി വ്യക്തമാക്കി.