ഇടുക്കി: വീട്ടു ചുമരില്‍ വരയാടുകള്‍ മേയുന്ന ശില്‌പങ്ങള്‍ പുനസൃഷ്‌ടിച്ച് ചിത്രകല അധ്യാപകന്‍. കട്ടപ്പനയിലെ ചിത്രകല അധ്യാപകനായ ജോസ് ആന്‍റണിയാണ് വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ രാജമലയിലെ വരയാടുകള്‍ മേയുന്ന ശില്‌ങ്ങള്‍ വീട്ടു ചുമരില്‍ തീര്‍ത്തത്. ചെറുപ്പക്കാലം മുതല്‍ ചിത്ര കലയെ നെഞ്ചോട് ചേര്‍ത്ത ആന്‍റണിയ്ക്ക് പുതിയ വീട് നിര്‍മിക്കുമ്പോള്‍ വളരെ ആകര്‍ഷവും വ്യത്യസ്ഥവുമാകണമെന്ന് നിര്‍ബന്ധമായിരുന്നു.
അങ്ങനെയാണ് ആന്‍റണിയുടെ മനസ്സില്‍ ഇടുക്കിയുടെ പ്രകൃതി ഭംഗി തുളുമ്പുന്ന രാജമലയുടെ ഓര്‍മകള്‍ ചേക്കേറിയത്. അധികമൊന്നും ചിന്തിക്കാതെ തന്നെ വീടിന്‍റെ രണ്ടാം നിലയിലെത്തി ആന്‍റണി രാജമലയില്‍ വരയാടുകള്‍ മേയുന്നതിന്‍റെ ശില്പം നിര്‍മിക്കാനാരംഭിച്ചു. സിമന്‍റില്‍ നിര്‍മിച്ച വരയാടുകള്‍ക്ക് നിറങ്ങള്‍ കൂടി നല്‍കിയതോടെ അവ കൂടുതല്‍ ജീവസുറ്റവയായി.
രാജമലയിലെ മരങ്ങളും തേയില തോട്ടങ്ങളും എല്ലാം അതേ പച്ചപ്പില്‍ തന്നെ ചിത്രത്തില്‍ കാണാനാവും. ഇത് കൂടാതെ ഇടുക്കിയിലെ തേക്കടിയും രാമക്കല്‍മേടും മൂന്നാറുമെല്ലാം ആന്‍റണി ജീവസുറ്റ രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്. കൂടാതെ വീട്ടുമുറ്റത്ത് മനോഹരമായ ശില്‌പങ്ങളും അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.
സിമന്‍റില്‍ തീര്‍ത്ത മരക്കുറ്റികള്‍ക്കുള്ളില്‍ സമൃദ്ധമായി വളരുന്ന മാവും പ്ലാവും, നിരവധി ദേവാലയങ്ങള്‍, വിവിധ മാധ്യമങ്ങളിലുള്ള നൂറു കണക്കിന് ചിത്രങ്ങള്‍ എന്നിവയെല്ലാം ഇദ്ദേഹത്തിന്‍റെ കൈകളിലൂടെ രൂപമെടുത്തതാണ്. ചിത്രകല അധ്യാപകനായ ആന്‍റണി ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് ശില്‌പ നിര്‍മാണത്തില്‍ കൂടുതല്‍ സജീവമായത്.
also read: കലകളുടെ അത്ഭുതങ്ങളൊരുക്കി രഘുനാഥ് മോഹൻപാത്ര