ഇടുക്കി: രാസവളത്തിന്‍റെ കാലിചാക്കുകൾ നിക്ഷേപിച്ച് പടുക തോട് മലിനമാകുന്നു. ചെകുത്താൻമലയിൽ ഉത്ഭവിച്ച് കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലൂടെ ഒഴുകി ഇടുക്കി ജലാശയത്തിൽ പതിക്കുന്ന ജലസ്രോതസാണ് മലിനമാകുന്നത്. പ്രദേശത്തെ കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ തോടിനെയാണ്.
യൂറിയ, പൊട്ടാസ്യം, ഫാക്‌ടംഫോസ് തുടങ്ങിയ രാസവളങ്ങളുടെ പ്ലാസ്റ്റിക് ചാക്കുകൾ തോട്ടിലാണ് നിക്ഷേപിക്കുന്നത്. ഇതിന് പുറമേ കീടനാശിനി ടിന്നുകളും പായ്ക്കറ്റുകളും ജലാശയത്തെ മലിനമാക്കുന്നുണ്ട്. ഏലത്തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികൾ വെള്ളത്തിൽ കലരുന്നത് പ്രദേശത്തെ നിരവധി കുടിവെള്ള സ്രോതസുകൾക്ക് ഭീഷണിയായിട്ടുണ്ട്. എന്നാൽ ഇവ ജല സ്രോതസുകളിൽ നിക്ഷേപിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്ത്-ആരോഗ്യ വകുപ്പുകൾ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പ്രദേശത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി ആരോഗ്യ വകുപ്പ് മുമ്പ് കണ്ടെത്തിയിരുന്നു. തോട്ടിലുണ്ടായിരുന്ന നിരവധി ചെറുമീനുകൾക്ക് വംശനാശം സംഭവിച്ചു. പ്രദേശത്ത് ഇപ്പോഴും കുടിവെള്ളക്ഷാമം നിലനിൽക്കുന്നതിനാൽ അധികാരികൾ കണ്ണു തുറക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന രാസവള ചാക്കുകൾ നീക്കം ചെയ്ത് എസ്റ്റേറ്റുകാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.