ഇടുക്കി: തൊഴിലാളി ക്ഷാമത്താല്‍ ഹൈറേഞ്ചില്‍ നിന്നും പടിയിറങ്ങുന്ന നെല്‍കൃഷിക്ക് ആശ്രയമായി അന്യ സംസ്ഥാന തൊഴിലാളികൾ. പുതിയ തലമുറ നെല്‍കൃഷിയിലേയ്ക്ക് തിരിയുന്നില്ലെന്നും അന്യ സംസ്ഥാന തൊഴിലാളികള്‍ ഇല്ലെങ്കില്‍ നെല്‍കൃഷി നിലയ്ക്കുന്ന അവസ്ഥയാണെന്ന് കർഷകരുടെ അഭിപ്രായം.
തൊഴിലാളി ക്ഷാമവും മറ്റ് പലവിധ കാരണങ്ങള്‍ കൊണ്ടും ഹൈറേഞ്ചിലെ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ച് മറ്റ് കൃഷികളിലേയ്ക്ക് വഴിമാറി. നാമമാത്രമായ കര്‍ഷകര്‍ മാത്രമാണ് പരമ്പരാഗത നെല്‍കൃഷി തുടര്‍ന്ന് പോരുന്നത്. കൊയ്ത് കെട്ടിയ കറ്റകള്‍ തല്ലിമെതിച്ച് പതമ്പാക്കി മാറ്റാന്‍ വലിയ അധ്വാനമാണ്. അതിനാല്‍ കര്‍ഷകര്‍ക്ക് ആശ്രയം അന്യ സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ്.
കാര്‍ഷിക മേഖല യന്ത്രവൽകൃത കൃഷിരീതിയിലേക്ക് വഴിമാറിയെങ്കിലും കൊയ്‌ത്ത് യന്ത്രം ഇറക്കാന്‍ കഴിയാത്ത താഴ്ച്ചയേറിയ രാജകുമാരി കണ്ടത്തിപ്പാലം പാടശേഖരത്തില്‍ നൂറേക്കറോളം വരുന്ന നെല്‍കൃഷി മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളികളുടെ അധ്വാനം കൊണ്ടാണ് തുടർന്നുപോകുന്നത്.