ഇടുക്കി: കൊവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡിഒസിഎസ് 200 മോഡല്‍ ഓക്സിജന്‍ ജനറേറ്റര്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു.
അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കുന്ന സംവിധാനമാണിത്. ഒരു മിനിറ്റില്‍ 200 ലിറ്റര്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ് ഈ ജനറേറ്ററിനുള്ളത്. 41 സിലിണ്ടറുകളില്‍ നിറക്കാവുന്ന ഓക്സിജന് തുല്യമായ അളവില്‍ ദിവസവും ഓക്‌സിജൻ ഉത്പാദിപ്പിക്കാനാകും. അന്തരീക്ഷ വായുവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഓക്സിജന്‍, കേന്ദ്രീകൃത ഓക്സിജന്‍ ശൃംഖലയിലൂടെ ആശുപത്രിയുടെ വിവിധ വിഭാഗങ്ങളില്‍ എത്തിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി മെഡിക്കല്‍ കോളജിന് അനുവദിച്ച കെഎസ്ഇബിയുടെ പ്രത്യേക തുകയില്‍ നിന്നും നാല്‍പത്തൊമ്പത് ലക്ഷത്തി അമ്പതിനായിരം രൂപ മുടക്കിയാണ് ഓക്സിജന്‍ ജനറേറ്റര്‍ സ്ഥാപിച്ചത്.
കൂടുതൽ വായനക്ക്: കൈവിട്ട് കൊവിഡ്: കര്‍ണാടകയിലും രണ്ടാഴ്‌ച ലോക്ക്ഡൗൺ
കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കലക്ടറേറ്റില്‍ ജില്ലാതല ഓക്‌സിജന്‍ വാര്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിലെ ഓക്‌സിജന്‍ ലഭ്യത നിരീക്ഷിച്ച് ആവശ്യമുള്ളിടത്ത് ഓക്‌സിജന്‍ എത്തിക്കുന്നതിനും വിവിധയിടങ്ങളില്‍ നിന്ന് ഓക്‌സിജന്‍ സംഭരിക്കുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.
കൂടുതൽ വായനക്ക്: ലോക്ക് ഡൗണ്‍; പുതുക്കിയ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി
അതേസമയം ജില്ലയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് ജില്ലാ കലക്‌ടര്‍ എച്ച്. ദിനേശൻ അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചത് കൂടാതെ സര്‍ക്കാരില്‍ നിന്നും 300 ജമ്പോ സിലിണ്ടറുകള്‍ ജില്ലയിലേക്കെത്തും. 15 സാധാരണ സിലിണ്ടറുകള്‍ക്ക് തുല്യമാണ് ഒരു ജമ്പോ സിലണ്ടര്‍. കപ്പല്‍ നിര്‍മാണ ശാലയില്‍ നിന്നും 81 സിലണ്ടര്‍ ഇന്നലെ നിറച്ച് നൽകിയിട്ടുണ്ട്. 150 എണ്ണം ഇന്ന് ലഭിക്കും. വ്യവസായ ശാലകളില്‍ ഉപയോഗിക്കുന്ന 609 സിലിണ്ടറുകള്‍ കണ്ടെത്തി വെച്ചിട്ടുണ്ട്. അതില്‍ മുന്നൂറെണ്ണം ആശുപത്രി, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഓക്സിജന്‍ സിലണ്ടറാക്കി മാറ്റിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് നിലവില്‍ ഓക്സിജന്‍ സിലണ്ടറുകള്‍ നൽകുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ഇനിയും നൽകുമെന്നും കലക്‌ടർ പറഞ്ഞു.