ഇടുക്കി: കാലവര്‍ഷം കനിയാത്തതോടെ വട്ടവടയിലെ പച്ചക്കറി കര്‍ഷകര്‍ ദുരിതത്തില്‍. ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയ പച്ചക്കറികള്‍ വ്യാപകമായി കരിഞ്ഞുണങ്ങുകയാണ്. വേണ്ടത്ര മഴ ലഭിച്ചില്ലെങ്കില്‍ ഓണത്തിന് വിപണിയില്‍ എത്തിക്കാന്‍ പച്ചക്കറികള്‍ ഉണ്ടാവില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കൃഷിനാശം സംഭവിച്ചതോടെ കടംവാങ്ങിയും ലോണെടുത്തും കൃഷിയിറക്കിയവര്‍ കടക്കെണിയെ അഭിമുഖീകരിക്കുകയാണ്.
വിലയിടിവും വില്‍പനയും താളം തെറ്റിച്ച കൊവിഡ് കാലത്ത് ഏറെ പ്രതീക്ഷയോടെയായിരുന്നു വട്ടവടയിലെ കര്‍ഷകര്‍ പച്ചക്കറി കൃഷിയിറക്കിയത്. ഓണവിപണിയില്‍ നിന്നും മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥാ വൃതിയാനം തല്ലിക്കെടുത്തിയത് കര്‍ഷകരുടെ പ്രതീക്ഷകളാണ്.
വട്ടവടയിലെ 2500 ല്‍ അധികം വരുന്ന കര്‍ഷക കുടുംബങ്ങള്‍ ഏകദേശം 1700 ഹെക്ടറിലധികം സ്ഥലത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. ഇതില്‍ വലിയൊരു ഭാഗവും കരിഞ്ഞുണങ്ങി കഴിഞ്ഞു. ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടലിലൂടെ സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.