ഇടുക്കി: പേരില്‍ തന്നെ കൗതുകം ജനിപ്പിക്കുന്ന നാടന്‍ മത്സരമാണ് കിളിത്തട്ട് കളി. ഗ്രാമങ്ങളിൽ നിന്നും അന്യം നിന്നുപോയ ഈ കളി ആരിലും ആവേശമുണ്ടാക്കുന്നതാണ്. ഈ നാടന്‍ കളി ഊര്‍ജം തിരിച്ചുപിടിക്കാനുള്ള പ്രയത്‌നത്തിലാണ് ഇടുക്കി ചെമ്മണ്ണാർ നിവാസികൾ. പ്രദേശത്തെ ജൂബിലന്‍റ് ക്ലബ്ബ് ഒരുക്കിയ ഓണാഘോഷത്തിലാണ് നാടൻ വിനോദം വീണ്ടുമെത്തിച്ചത്.
കുടിയേറ്റ കാലഘട്ടത്തിൽ ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്നതും പിന്നീട് കളം ഒഴിഞ്ഞുപോയതുമായ കളിയാണിത്. പുതുതലമുറയ്‌ക്ക് ഈ വിനോദം പരിചയപ്പെടുത്തി നല്‍കുക എന്ന ലക്ഷ്യം കൂടിയുണ്ട് നാട്ടുകാര്‍ക്ക്. കുറഞ്ഞത് അഞ്ച് പേർ വീതമുള്ള രണ്ട് ടീമുകള്‍ക്ക് ഈ വിനോദത്തില്‍ ഏര്‍പ്പെടാം. എട്ട് അടി വീതമുള്ള ആറ് സമചതുരങ്ങളും പത്ത് ഇഞ്ച് വീതിയുമുള്ള ബോർഡറും ഉൾപ്പെടുന്നതാണ് കിളിത്തട്ട്.
മറികടക്കണം കിളിയേയും കാവല്‍ക്കാരനേയും: കളം കാക്കുന്ന ടീമിന്‍റെ പ്രധാനി 'കിളി' എന്നറിയപ്പെടും. കിളിയെ കൂടാതെ ബാക്കിയുള്ള നാല് പേര്‍ കാവൽക്കാർ എന്നും അറിയപ്പെടും. കിളിയേയും കാവൽക്കാരേയും മറികടന്ന് എതിർ ടീം കളങ്ങളിലൂടെ അപ്പുറത്ത് എത്തിയ ശേഷം തിരികെ തുടങ്ങിയ സ്ഥലത്തെത്തിയാല്‍ വിജയിക്കും.
തുടക്കത്തിൽ കളങ്ങൾ ചാടി അപ്പുറത്തേക്ക് പോകുന്നവർ 'പച്ച' എന്നും തിരികെ വരുമ്പോൾ ഇവർ 'ഉപ്പ്' എന്നും അറിയപ്പെടും. പച്ചയും ഉപ്പും ഒരു കളത്തിൽ വന്നാൽ കളി അവസാനിക്കും. കിളിക്കും കാവൽക്കാര്‍ക്കും ഒരു പോയിന്‍റ് ലഭിക്കും. കളങ്ങൾ മറി കടക്കുന്നതിനിടയിൽ കാവൽക്കാരുടെയോ കിളിയുടെയോ കൈയിൽ അകപ്പെട്ടാൽ ആ അംഗം പുറത്താകും.
ഈ അംഗത്തിന്‍റെ ടീമിലുള്ളവര്‍ എല്ലാ കളങ്ങളും മറികടന്ന് വിജയിച്ചാൽ പുറത്തായ ആൾക്ക് വീണ്ടും മുൻഗണനാക്രമത്തിൽ കളിക്കാം. ഇങ്ങനെ മൂന്ന് അല്ലെങ്കിൽ അഞ്ച് സെറ്റുകൾ വീതം കളിക്കുമ്പോൾ കൂടുതൽ പോയിന്‍റ് കിട്ടുന്ന ടീമിനെയാണ് വിജയിയായി പ്രഖ്യാപിക്കുക. ഓണാഘോഷത്തിനിടെ നാടന്‍ കളിയിലൂടെ പഴയ ആവേശക്കാലം വീണ്ടെടുക്കാനായതിന്‍റെ സന്തോഷത്തിലാണ് ചെമ്മണ്ണാറുകാര്‍.