ഇടുക്കി : ഭൂവിഷയങ്ങള്‍ വളരെ സങ്കീര്‍ണമായ ഘട്ടത്തില്‍, വെറും പ്രസ്താവന സമിതിയായി മാറിയ ഹൈറേഞ്ച് സംരക്ഷണ സമിതി പിരിച്ചുവിട്ട് കര്‍ഷകരോട് മാപ്പ് പറയണമെന്ന് ഒ. ബി.സി കോണ്‍ഗ്രസ്. കാര്‍ഷിക ഭൂവിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സമരപരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയ കൂട്ടായ്‌മയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി. ഇത് വെറും ഭരണാനുകൂല സമിതിയായി മാറിയെന്ന് സംസ്ഥാന സെക്രട്ടറി എം.ആര്‍ പ്രകാശ് ആരോപിച്ചു.
'സമിതി കര്‍ഷകരെ വഞ്ചിക്കുന്നു'
ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയ സമരങ്ങളുടെ ഗുണഫലം അനുഭവിച്ചത് ഇടതുമുന്നണിയാണ്. അഞ്ച് വര്‍ഷം ഭരിച്ച ശേഷവും തുടര്‍ഭരണമുണ്ടായിട്ടും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു തീരുമാനവും എടുക്കുന്നില്ല.
ALSO READ: മുട്ടില്‍ മരം മുറി : വനംവകുപ്പ് കൈമാറിയ റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയില്ലെന്ന് മന്ത്രി
സമിതിയുടെ പ്രവര്‍ത്തനം പ്രസ്താവനകളില്‍ അവസാനിക്കുന്നത് കര്‍ഷകരോടുള്ള വഞ്ചനയാണ്. സമിതിയ്ക്ക് ഇടതുപക്ഷ നിലപാടുകളാണുള്ളത്.
'സര്‍ക്കാര്‍ അനുകൂല നിലപാട്'
ഈ സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടു. ഭരണകാലത്ത് ഏലം കൃഷിക്ക് മാത്രമായി നല്‍കിയിട്ടുള്ള സി.എച്ച്.ആര്‍ ഭൂമിയിലെ പട്ടയവും, കുത്തകപാട്ട ഭൂമിയും വനംവകുപ്പ് ഏറ്റെടുക്കുന്നതിനായി നടപടികള്‍ പൂര്‍ത്തീകരിച്ച് ജണ്ടയിട്ട് തിരിച്ച് കര്‍ഷകര്‍ ചെയ്യുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടും സമിതി സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
'പൊതുജനത്തോട് മാപ്പ് പറയണം'
യു.ഡി.എഫ് ഭരണത്തില്‍ സമരവും, എല്‍.ഡി.എഫ് ഭരണത്തില്‍ പ്രസ്താവനയും മാത്രമുള്ള സമിതിയുടെ ഇരട്ടത്താപ്പ് തിരിച്ചറിയണം. ഹൈറേഞ്ച് സംരക്ഷണ സമിതി പിരിച്ചുവിട്ട് പൊതുജനത്തോട് മാപ്പ് പറയണമെന്നും എം.ആര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.