ഇടുക്കി: അന്തർസംസ്ഥാന പാതയായ തേവാരംമെട്ടില്‍ റോഡിന് സമീപം സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാത്തതിനാല്‍ അപകടങ്ങള്‍ പതിവാകുന്നു. ചുരം പാതയില്‍ കൊടും വളവുകള്‍ ഉള്ള പ്രദേശത്ത് ക്രാഷ് ബാരിയറുകള്‍ നിര്‍മ്മിയ്ക്കാന്‍ പോലും പൊതുമരാമത്ത് വകുപ്പ് തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.
തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന തേവാരംമെട്ടിലെ ചുരം പാതയില്‍ നിന്നും വാഹനങ്ങള്‍ നിയന്ത്രണം വിടുന്നത് പതിവാണ്. രാത്രികാലങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് ഉള്ളതിനാല്‍, വളവ് തിരിച്ചറിയാന്‍ ഡ്രൈവര്‍മാര്‍ക്ക് സാധിയ്ക്കില്ല.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിനോദ സഞ്ചാരികളുമായി എത്തിയ വാഹനം മറിഞ്ഞ് നാല് പേര്‍ മരണപെട്ടിരുന്നു. കഴിഞ്ഞ ദിവസം കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരുക്കേറ്റു. രണ്ട് വര്‍ഷം മുന്‍പ് സ്‌കൂള്‍ ബസും ഇതേ സ്ഥലത്ത് അപകടത്തില്‍ പെട്ടിരുന്നു.
കൊടുംവളവിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ക്രാഷ് ബാരിയറുകള്‍ നിര്‍മ്മിയ്ക്കുകയും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിയ്ക്കുകയും ചെയ്യണമെന്ന് നാട്ടുകാര്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. മേഖലയില്‍ വഴി വിളക്കുകള്‍ സ്ഥാപിയ്ക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. റോഡിന്‍റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ആക്ഷേപമുണ്ട്.