ഇടുക്കി: കൊവിഡിന്‍റെ രണ്ടാം തരംഗത്തെതുടർന്ന് സംസ്ഥാനം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇടുക്കി മലയോരമേഖലയിൽ കൃഷി പുരോഗമിക്കുകയാണ്. ജൂൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഹൈറേഞ്ചിലെ വിവിധ കാർഷിക നഴ്‌സറികളിൽ ഉല്‍പാദിപ്പിച്ച കുരുമുളക്, ഏലം തൈകൾ ഭൂരിഭാഗവും വിറ്റൊഴിഞ്ഞു. കൊവിഡ് മൂലം ആളുകള്‍ വീടുകളിൽ ഒതുങ്ങിയതോടെ ഇടുക്കി മലയോരമേഖലയിൽ കൃഷി വ്യാപിച്ചു. തരിശുഭൂമികളെല്ലാം വെട്ടിത്തെളിച്ച് കൃഷി ചെയ്യുന്ന തിരക്കിലാണ് യുവാക്കള്‍. പുതുതലമുറ കൃഷിയിൽ നിന്നും പിന്മാറിയ സാഹചര്യമായിരുന്നു കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുൻപ് ജില്ലയില്‍. എന്നാൽ കൊവിഡ് വ്യാപനം അത് മാറ്റിമറിയ്ക്കുകയായിരുന്നു.
ALSO READ: നെടുങ്കണ്ടം കസ്റ്റഡി മരണം; കേസിന്‍റെ നാൾവഴികളിലൂടെ
കഴിഞ്ഞ വർഷം മുതൽ ധാരാളം യുവാക്കളാണ് സജീവമായി കൃഷികളിലേക്ക് തിരിഞ്ഞത്. കൊവിഡ് രണ്ടാം തരംഗത്തിൽ യുവാക്കൾ നാണ്യവിള കൃഷിയിലും കൈവെച്ചു. ഏലം കുരുമുളക് കൃഷിയാണ് ഹൈറേഞ്ചിൽ വ്യാപകമായുള്ളത്. കാർഷിക നഴ്‌സറികളിൽ ഉല്‍പാദിപ്പിച്ച തൈകളെല്ലാം ചൂടപ്പം പോലെ വിറ്റൊഴിയുന്ന സാഹചര്യമാണുള്ളതെന്ന് തേക്കുംകാനം കാർഷിക നഴ്‌സറി ഉടമ റെജി കാഞ്ഞിരമലയിൽ പറയുന്നു. മുൻവർഷങ്ങളിൽ ജൂൺ, ജൂലൈ മാസങ്ങളിലാണ് ഹൈറേഞ്ചിലെ കാർഷിക നഴ്‌സറികളിൽ നിന്നും തൈകൾ വിറ്റൊഴിഞ്ഞിരുന്നത്. എന്നാൽ ഇത്തവണ മെയ് അവസാനം തന്നെ നഴ്‌സറികളിൽ നിന്നും നാണ്യവിളകളുടെ തൈകളെല്ലാം വിറ്റൊഴിഞ്ഞിരിക്കുകയാണ്.