ഇടുക്കി : മൊബൈൽ നെറ്റ്‌വര്‍ക്കില്ലാത്തതിനാൽ പഴംപിള്ളിച്ചാല്‍ - പടിക്കപ്പിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനാവസരമില്ലാതാകുന്നു. ആദിവാസി മേഖലയിലെ നിരവധി കുരുന്നുകളടക്കം ഓണ്‍ലൈന്‍ പഠനത്തിന് പുറത്താവുകയാണ്. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഇവിടെ മൊബൈല്‍ ടവറുകള്‍ ഇല്ല.
പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. സ്വകാര്യ കേബിൾ കമ്പനിയുടെ വൈഫൈ സംവിധാനമാണ് നിലവിൽ ഇവിടുത്തെ കുട്ടികൾക്ക് പഠനത്തിന് ഏക ആശ്രയം. നൂറിലധികം വിദ്യാർഥികളുള്ള പഴംപിള്ളിച്ചാലിൽ വിരലിലെണ്ണാവുന്ന വീടുകളിൽ മാത്രമാണ് വൈഫൈ കണക്ഷൻ ഉള്ളത്.
ഇവയെല്ലാം പഠിക്കുന്ന കുട്ടികളുള്ള വീടുകളുമല്ല. വൈഫൈ ഉള്ള വീടുകളെ ആശ്രയിച്ചാണ് ഒരു സംഘം കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. അതേസമയം കൊറോണക്കാലമായതിനാൽ അന്യ വീടുകളെ ആശ്രയിക്കുന്നതിന് പരിമിതികൾ നിലനിൽക്കുന്നുമുണ്ട്.
ALSO READ: സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
കേബിൾ ശൃംഖലയ്ക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമാണ് നിലവിൽ കണക്ഷനുകളുടെ എണ്ണം. ഇത് നെറ്റ്‌വര്‍ക്കിന്‍റെ വേഗത പരിമിതമാക്കുന്നു. വീണ്ടുമൊരു അധ്യയന വർഷം ആരംഭിച്ചതോടെ മാതാപിതാക്കൾ ആശങ്കയുടെ മുൾമുനയിലാണ്.
വൈദ്യുതി മുടങ്ങിയാലും അത്യാഹിതമുണ്ടായാലും വിവരമറിയിക്കാൻ ആറ് കിലോമീറ്റർ സഞ്ചരിച്ച് പടിക്കപ്പിലെത്തേണ്ട അവസ്ഥയിലാണ് ഇവിടുത്തെ പ്രദേശവാസികൾ. അതിനാൽ അധികൃതര്‍ മുൻ കൈയെടുത്ത് എത്രയും പെട്ടന്ന് ഇവിടെ മൊബൈൽ ടവർ സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.