ഇടുക്കി: ശാന്തൻപാറ മേഖലയിൽ ആയിരക്കണക്കിന് തോട്ടം തൊഴിലാളി കുടുംബങ്ങൾക്ക് കിടത്തി ചികിത്സ സൗകര്യം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് നേരിടുന്നത് വന്‍ പ്രതിസന്ധി. മേഖലയിലെ ഏക ആരോഗ്യകേന്ദ്രത്തിന്‍റെ സ്ഥിതി ദയനീയമാണ്. മൂന്നുവർഷം മുന്‍പ് മുക്കാൽ കോടി രൂപ ചെലവിട്ട് ആരംഭിച്ച ആശുപത്രി കെട്ടിട നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു.
മന്ത്രിയുടെ വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം
കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി മൂന്നുവർഷം മുന്‍പ് പണി ആരംഭിച്ച ആശുപത്രി കെട്ടിടം നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. മുൻ മന്ത്രി എം.എം മണിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ഉൾപ്പെടുത്തി മുക്കാൽ കോടി രൂപയ്ക്കാണ് നിർമാണം ആരംഭിച്ചത്.
ചികിത്സയ്ക്ക് തമിഴ്‌നാടിനെ ആശ്രയിക്കേണ്ട സ്ഥിതി
കോൺക്രീറ്റ് പണികള്‍ പൂർത്തീകരിച്ച ശേഷം കെട്ടിടനിർമ്മാണം ഉപേക്ഷിക്കുകയായിരുന്നു. പ്രവൃത്തിയ്ക്ക് പ്രാദേശിക തടസങ്ങൾ നേരിട്ടതാണ് നിർമാണം അവസാനിപ്പിക്കുവാൻ കാരണമായതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. നിലവിൽ ഗുരുതര രോഗങ്ങൾ ബാധിച്ചവരുൾപ്പെടെ കിലോമീറ്ററുകൾ സഞ്ചരിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രികളെയും തമിഴ്നാട്ടിലെ തേനി മെഡിക്കൽ കോളേജിനെയും ആശ്രയിക്കേണ്ട ഗതികേടിലാണ്.
അടിയന്തര നടപടി വേണമെന്ന് അധികൃതര്‍
ശാന്തൻപാറ പഞ്ചായത്തിലും സമീപ പഞ്ചായത്തിലും നിലവിൽ കിടത്തി ചികിത്സയുള്ള ആശുപത്രികളില്ല. ചതുരംഗപ്പാറ, പൂപ്പാറ, പേത്തൊട്ടി, മൂലത്തറ, ചേരിയാർ, ആനയിറങ്കൽ, പന്നിയാർ, തോണ്ടിമല, പുന്നശ്ശേരി, സേനാപതി, പുത്തടി, കള്ളിപ്പാറ മേഖലകളിലുള്ള കുടുംബങ്ങളാണ് പ്രധാനമായും ആശുപത്രിയെ ആശ്രയിക്കുന്നത്.
നിലവിൽ ഒ.പി മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്‍റെ ഭാഗമായി ആരംഭിച്ച കെട്ടിടനിർമാണമാണ് നിലച്ചത്. പ്രവൃത്തി പൂർത്തീകരിച്ച് ജനങ്ങൾക്ക് വിദഗ്ധ ചികിത്സ നൽകാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നാണ് ജനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യം.
ALSO READ: ഭാഗീരഥിയമ്മയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍