എറണാകുളം: സംസ്ഥാനത്ത് ഓൺലൈൻ പഠനം ആരംഭിച്ച് ആദ്യ ആഴ്ച്ച പിന്നിടുമ്പോഴും കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുട്ടികൾക്ക് വിദ്യാഭ്യാസം എന്നത് സ്വപ്നം മാത്രമാണ്. വൈദ്യുതി എത്താത്ത കാടുകളില്‍ എങ്ങനെ ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കുമെന്നതിനെ കുറിച്ച് അധികൃതർക്കും അറിവില്ല. ജില്ലയിലെ ഏറ്റവും കൂടുതൽ ആദിവാസി കുടികളുള്ള കുട്ടമ്പുഴയിലെ വാരിയം, ഉറിയംപ്പെട്ടി, മീൻകുളം, തേര, മാപ്പിളപ്പാറകുടി എന്നിവിടങ്ങളിലാണ് ഓൺലൈൻ സംവിധാനം നടപ്പാക്കാൻ അടിസ്ഥാന സൗകര്യങ്ങളും വൈദ്യുതിയുമില്ലാത്തത്.
കഴിഞ്ഞ ദിവസം കോതമംഗലം ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തിൽ എട്ട് കുട്ടികൾക്ക് ലാപ്പ്ടോപ്പ് നൽകിയിരുന്നു. പക്ഷേ വൈദ്യുതിയോ മറ്റ് സംവിധാനമോ ഇല്ലാത്ത ഊരുകളിൽ ലാപ് ടോപ്പുകൾ കാഴ്ചവസ്‌തുവാണ്. കൃത്യമായ ആസൂത്രണമില്ലാതെയാണ് ഇവർക്ക് കമ്പ്യൂട്ടർ നൽകിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഓൺലൈൻ പഠനം അർഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും വൈദ്യുതി സംവിധാനവും ലാപ്‌ടോപ്പും നൽകണമെന്ന് പഞ്ചായത്തംഗം കാന്തി വെള്ളക്കയ്യൻ ആവശ്യപ്പെട്ടു.
വർഷങ്ങൾക്ക് മുമ്പ് നൽകിയ സോളാർ വിളക്കുകളാണ് കോളനികളിൽ ഇന്നും പ്രകാശം നൽകുന്നത്. പക്ഷേ ഓൺലൈൻ പഠനം കോളനികളിൽ യാഥാർഥ്യമാകണമെങ്കിൽ കൂടുതൽ കാര്യക്ഷമതയുളള സോളാർ പാനലുകൾ നൽകേണ്ടിവരും. ഊരുകളില്‍ അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ ജില്ലാ കേന്ദ്രങ്ങളിലെ ഹോസ്റ്റലുകളിൽ നിന്നാണ് കുട്ടികൾ പഠിക്കുന്നത്. ഓൺലൈൻ പഠനം സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ കഴിവുള്ളവരുടെ അഭാവം കോളനിയിലുണ്ട്. ഇതും കുട്ടികളുടെ പഠനം പ്രതിസന്ധിയിലാക്കുന്നുണ്ട്.