ഇടുക്കി: ഡ്രൈവർമാരില്ലാത്തതിനാൽ കട്ടപ്പന കെഎസ്ആർടിസി സബ് ഡിപ്പോയില്‍ രണ്ട് ദിവസത്തിനുള്ളില്‍ റദ്ദാക്കിയത് 29 സർവീസുകൾ. ഇതോടെ ഹൈറേഞ്ച് മേഖലയിൽ യാത്രാ ക്ലേശം രൂക്ഷമായി. കട്ടപ്പന ഡിപ്പോയിൽ നിന്ന് 53 എംപാനൽ ഡ്രൈവർമാരെയാണ് കെഎസ്ആർടിസി പിരിച്ചുവിട്ടത്. ഇതോടെയാണ് ഡിപ്പോയില്‍ പ്രതിസന്ധി കടുത്തത്.
പ്രവൃത്തി ദിവസങ്ങളില്‍ പോലും സര്‍വീസുകൾ വലിയ തോതിൽ റദ്ദാക്കേണ്ടി വരുന്നുണ്ട്. ഹൈറേഞ്ചിലെ പ്രധാന ഡിപ്പോകളിൽ ഒന്നാണ് കട്ടപ്പന. വെള്ളിയാഴ്ച 16 സർവീസുകൾ റദ്ദാക്കിയപ്പോൾ ശനിയാഴ്ച റദ്ദാക്കിയത് 13 സര്‍വീസുകളാണ്. ഇതിൽ ഹ്രസ്വദൂര സർവീസുകളാണ് ഏറെയും. ഏതാനും തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റുകളും, ഷോളയൂർ സർവീസും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. രണ്ട് ദിവസം കൊണ്ട് ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമാണ് ഡിപ്പോയ്ക്ക് ഉണ്ടായിരിക്കുന്നത്.
ഓർഡിനറി ബസ് സർവീസുകളും നിർത്തലാക്കിയതോടെ തോട്ടം മേഖലകളും ഉൾനാടൻ ഗ്രാമങ്ങളും പ്രതിസന്ധിയിലായെന്ന് പൊതു പ്രവര്‍ത്തകനായ ഷാജി നെല്ലിപ്പറമ്പിൽ പറഞ്ഞു. പിരിച്ചുവിട്ട ഡ്രൈവര്‍മാര്‍ക്ക് പകരം ആളുകള്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് എന്‍ടിയുസി പ്രതിനിധി മാത്യുവും വ്യക്തമാക്കി. കൂടുതൽ ഡ്രൈവർമാരെ ജോലിക്കായി എത്തിച്ചാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുകയുള്ളു.