ഇടുക്കി : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ പഞ്ചായത്ത്. വഴിവിളക്കുകൾ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ പരാജയമാണെന്നാണ് ഉയരുന്ന ആക്ഷേപം.
ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ വഴിവിളക്കുകളുടെ അഭാവം മൂലം രാത്രികളിലെ സഞ്ചാരം വിഷമകരമാണ്.
ഡിടിപിസിയുടെ കീഴിലായതിനാൽ വിനോദ സഞ്ചാര കേന്ദ്രത്തിന് ഉൾവശത്ത് ഉള്ള സജ്ജീകരണങ്ങൾ മാത്രമേ ഇവർ ഒരുക്കൂ. വിനോദസഞ്ചാര കേന്ദ്രത്തിന് പരിസരപ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതിൻ്റെ ചുമതല തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ്.
ALSO READ: ലോവർ പെരിയാറില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് നാലുപതിറ്റാണ്ടിനിപ്പുറം പകരം ഭൂമി ലഭ്യമാകുന്നു
കരുണാപുരം പഞ്ചായത്തിലാണ് വിനോദസഞ്ചാര കേന്ദ്രം പ്രവർത്തിക്കുന്നത്. എന്നാൽ ഇവിടെ വഴിവിളക്കുകളോ ശുചിമുറികളോ ഒരുക്കാന്‍ പഞ്ചായത്ത് യാതൊന്നും ചെയ്യുന്നില്ലന്ന ആരോപണമാണ് ഉയരുന്നത്.
മാലിന്യസംസ്‌കരണവും ഇവിടെ നടക്കുന്നില്ല. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഇവിടേക്ക് കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. പഞ്ചായത്ത് അധികൃതർ നടപടികൾ കൈക്കൊള്ളണമെന്നാണ് ഇവരുടെ ആവശ്യം.