ഇടുക്കി: ലോക്ക് ഡൗണ്‍ ഇളവുകളില്‍ ഓട്ടോറിക്ഷകളെ ഉള്‍പ്പെടുത്താത്തത് ഹൈറേഞ്ച് മേഖലയിലെ സാധാരണക്കാരെ വലക്കുന്നു. ആശുപത്രി ആവശ്യങ്ങള്‍ക്കടക്കം തോട്ടം മേഖലകളില്‍ ഉള്ളവര്‍ കൂടുതലായി ഉപയോഗിച്ച് വരുന്നത് ഓട്ടോറിക്ഷകളെയാണ്. ആശുപത്രി ആവശ്യങ്ങള്‍ പോലുള്ള അടിയന്തര കാര്യങ്ങള്‍ക്കായി സര്‍വ്വീസ് നടത്തുവാന്‍ ഓട്ടോറിക്ഷകള്‍ക്ക് ഇളവ് അനുവദിക്കണെമന്നാണ് പിന്നോക്ക മേഖലകളില്‍നിന്നുയരുന്ന ആവശ്യം. സ്വകാര്യ വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഇളവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഓട്ടോറിക്ഷകള്‍ക്കും ടാക്‌സി വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാന്‍ അനുമതി ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഒന്നരമാസമായി തുടരുന്ന നിയന്ത്രണം ജില്ലയിലെ പിന്നോക്കമേഖലകളില്‍ നിന്നുള്ള ആളുകളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. തോട്ടം മേഖലകളിലും ആദിവാസി മേഖലകളിലും സ്വന്തമായി വാഹനമുള്ളവര്‍ കുറവാണ്. ആശുപത്രി ആവശ്യങ്ങള്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഓട്ടോറിക്ഷകളും മറ്റ് ടാക്‌സി വാഹനങ്ങളുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഈ രണ്ട് വിഭാഗങ്ങളിലും ഉള്‍പ്പെട്ട വാഹനങ്ങള്‍ക്ക് ഇളവ് ലഭിക്കാത്തത് പിന്നോക്ക മേഖലയിലെ ആളുകളുടെ യാത്രാക്ലേശം വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം ചില ഓട്ടോറിക്ഷകള്‍ പുറത്തിറങ്ങിയെങ്കിലും ഇവര്‍ക്കെതിരെ പൊലീസ് നിയമ നടപടി സ്വീകരിച്ചു. ഇതോടെ അവശ്യഘട്ടത്തില്‍ പോലും സര്‍വ്വീസ് നടത്താന്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ മടിക്കുകയാണ്. മൂന്നാര്‍, മറയൂര്‍, വട്ടവട, മാങ്കുളം തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ അടിമാലി താലൂക്കാശുപത്രിയെയാണ് ആശ്രയിക്കുന്നത്. ഇവിടങ്ങളിലേക്ക് ചെറിയ സാമ്പത്തിക സ്ഥിതിയുള്ളവര്‍ ഓട്ടോകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈ മേഖലയില്‍ ഇളവ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.