ഇടുക്കി: ജില്ലയിലെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എം.ബി.ബി.എസിന് 100 സീറ്റുകള്‍ക്ക് അനുമതി നല്‍കി ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ (എന്‍.എം.സി). സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്, നിലമ്പൂരില്‍ വ്യാഴാഴ്‌ച വൈകിട്ട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 100 സീറ്റുകള്‍ പുതുതായി ലഭിച്ചത് മലയോര മേഖലയായ ഇടുക്കിയുടെ ആരോഗ്യരംഗത്ത് വലിയ നേട്ടങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രി പറഞ്ഞു.
പുതിയ സീറ്റുകളിലേക്കുള്ള പ്രവേശനം ഈ വര്‍ഷം തന്നെ നടത്തും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ കൃത്യമായ ആസൂത്രണത്തിന്‍റെ ഭാഗമായാണ് ഇപ്പോള്‍ എന്‍.എം.സി അനുമതി. മെഡിക്കല്‍ കോളജില്‍ നിലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മറ്റേതൊരു മികച്ച മെഡിക്കല്‍ കോളജിന്‍റെയും പോലെ തന്നെയുണ്ട്. രോഗികളുടെ കിടത്തി ചികിത്സയും വിപുലമാക്കിയിട്ടുണ്ട്.
മുന്‍പ് ഇടുക്കി മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ എന്‍.എം.സി അനുമതി പിന്‍വലിച്ചിരുന്നു. ഇവര്‍ നിര്‍ദേശിച്ച ഏതാനും മാറ്റങ്ങള്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഇന്‍സ്‌പെക്ഷന്‍ നടത്തി അടിസ്ഥാന സൗകര്യങ്ങളുടെ മികവ് കണ്ടതിനെ തുടര്‍ന്നാണ് അനുമതി നേടാനായത്. കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഇന്‍സ്‌പെക്ഷന്‍ നടത്തി ഫലം കാത്തിരിക്കുകയാണ്.
നഴ്‌സിങ് കോളജിനും അനുമതി: പാരിപ്പള്ളി, മഞ്ചേരി എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍, നഴ്‌സിങ് കോളജിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. മഞ്ചേരിയില്‍ നിലവിലുള്ള സൗകര്യങ്ങള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്തും. മഞ്ചേരി മെഡിക്കൽ കോളജിന് പുതിയ സ്ഥലം തരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പരിശോധിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.
കാസര്‍കോട്, വയനാട്, കോന്നി എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജുകളിലും അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും. കാസര്‍ഗോഡ് ഒ.പി തുടങ്ങിയിട്ടുണ്ട്. വയനാട് അക്കാദമിക് ബ്ലോക്ക് ആവശ്യമുണ്ട്. ഇതിന് സ്ഥലം അനുവദിച്ചിട്ടുണ്ട്.
കേന്ദ്രസഹായത്തിനായി അപേക്ഷിച്ചെങ്കിലും നിരാകരിക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം കോന്നി മെഡിക്കല്‍ കോളജിന് 384 കോടിയാണ് അനുവദിച്ചത്. ഇതില്‍ 84 കോടി ഫര്‍ണിച്ചറും ഉപകരണങ്ങളും വാങ്ങാന്‍ ഉപയോഗിക്കുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.