ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് രാജാപ്പാറ ജംഗിള്‍പാലസ് റിസോര്‍ട്ടില്‍ നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച കേസിൽ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഉൾപ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. സേനാപതി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റുമായിരുന്ന ജെയിംസ് തെങ്ങുംകുടിയെയാണ് ശാന്തമ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ഉടുമ്പന്‍ചോലയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പിന്‍റെ ക്രഷറിന്‍റെ ഉദ്ഘാടനത്തോട് അുബന്ധിച്ചാണ് നിശാ പാര്‍ട്ടി സംഘടിപ്പിച്ചത്.
ജെയിംസ് തെങ്ങുംകുടി, സേനാപതി മുന്‍ മണ്ഡലം പ്രസിഡന്‍റ് കൂടിയാണ്. നിശാ പാര്‍ട്ടിയില്‍ സി.പി.എമ്മിനേയും മന്ത്രി എം.എം മണിയേയും പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസ് ഇതോടെ വെട്ടിലായിരിക്കുകയാണ്. വിഷയത്തില്‍ കെ.പി.സി.സി പ്രത്യേക സമതി രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്ന ആദ്യഘട്ടം മുതലുള്ള സി.പി.എം ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ സംഭവങ്ങള്‍. എന്നാല്‍ നിയമം നിയത്തിന്‍റെ വഴിക്ക് പോകുമെന്നും സംഘടനാപരമായ നടപടികളെ സംബന്ധിച്ച് ആലോചിക്കുമെന്നും ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത സി.പി.എം പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു. നിലവില്‍ കേസുമായി ബന്ധപ്പെട്ട് തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യന്‍ അടക്കം 32 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 48 പേര്‍ക്കെതിരേയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.