ഇടുക്കി: സേനാപതി സ്വർഗ്ഗംമേട്ടിൽ ടെന്‍റുകൾ കെട്ടി നിശാപാർട്ടി നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. ഇരുപത് വയസുള്ള യുവതികൾ ഉൾപ്പെടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാൽപ്പത്തഞ്ചോളം പേരാണ് പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയത് .ഒട്ടാത്തിയിൽ നിന്നും നാല് കിലോമീറ്ററോളം ഉള്ളിലായി സ്വർഗ്ഗംമേട്ടിൽ സ്റ്റേജ്, നാൽപ്പതോളം ടെന്‍റുകൾ എന്നിവ നിർമ്മിച്ചാണ് പരിപാടിക്ക് വേദിയൊരുക്കിയത്.എൽദോ എന്നയാളുടെ ഉടമസ്ഥതയിലുള്ള 20 ഏക്കറോളം സ്ഥലത്ത് വിവിധ ഭാഗങ്ങളിലായാണ് ടെന്‍റുകൾ സ്ഥാപിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉടുമ്പൻചോല ഐ. പി ഷൈൻ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഉടുമ്പൻചോല തസീൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും ചൊവ്വാഴ്ച്ച രാത്രി 11 മുതൽ പുലർച്ചെ രണ്ട് വരെയാണ് സ്ഥലത്ത് റെയ്ഡ് നടത്തിയത്. ടെന്‍റുകൾ നീക്കം ചെയ്ത ഉടുമ്പൻചോല പൊലീസ് പങ്കെടുക്കാനെത്തിയവരെ മടക്കി അയച്ചു.
ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിപാടിയിലേക്ക് ആളുകളെ സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഇവിടെ നിന്നും ലഹരിവസ്തുക്കളൊന്നും കണ്ടെടുക്കാനായില്ല. ഉട്ടോപ്യ യുണൈറ്റെഡ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ലേബലിൽ 'പരിണാമ' എന്ന ക്ലാസിൽ പങ്കെടുക്കുന്നതിനെന്ന പേരിലാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ എത്തിച്ചത്. വീക്ക് ഡേ ടിക്കറ്റിന് 1,500 രൂപയും വീക്ക് എൻഡ് ടിക്കറ്റിന് 2,000 രൂപയും ന്യൂഇയർ ടിക്കറ്റിന് 2,500 രൂപയും ആണ് ഫീസ്. അധികൃതരുടെ യാതൊരു അനുമതിയും സംഘാടകർ വാങ്ങിയിരുന്നില്ല.