ഇടുക്കി: മഴമറയ്ക്കുള്ളില്‍ ജൈവ പച്ചക്കറി കൃഷിയില്‍ വിജയം കൊയ്‌ത് ഒമ്പതാം ക്ലാസ്സുകാരി ജിജിന ജിജി. രാജാക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്‌പിസി കേഡറ്റുകൂടിയായ ജിജിന സ്‌കൂളിലെ കൃഷിയില്‍ നിന്നുള്ള അനുഭവ പാഠത്തിൽ നിന്നാണ് വീട്ടിൽ പച്ചക്കറി കൃഷി എന്ന ആശയത്തിലേക്ക് എത്തുന്നത്. വീട്ടില്‍ പുതുതായി നിർമിച്ച നൂറ് ചതുരശ്ര മീറ്റർ വിസ്‌തൃതിയിലുള്ള പോളിഹൗസിലാണ് ജിജിന കൃഷിയിറക്കിയത്. കൃഷിയില്‍ നിന്നും മികച്ച വരുമാനവും ഈ കുട്ടി കര്‍ഷക കണ്ടെത്തുന്നുണ്ട്.
രാജാക്കാട് സ്‌കൂളിലെ എസ്‌പിസി കേഡറ്റുകളുടെ നേതൃത്വത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി നടത്തിയിരുന്നു. കൃഷിയോട് ഏറെ താല്‍പര്യമുള്ള ജിജിന കൊവിഡ് മൂലം സ്‌കൂള്‍ അടച്ചുപൂട്ടിയതോടെ എസ്‌പിസി ജൈവകൃഷി പ്രോത്സാഹന പദ്ധതി പ്രകാരം വീട്ടില്‍ കൃഷി നടത്തുകയായിരുന്നു. മാതാപിതാക്കളുടെ പിന്തുണയും സഹായവും ജിജിനയുടെ കൃഷി വിപുലമാക്കാൻ സഹായിച്ചു.
മുരിങ്ങ, ബീൻസ്, തക്കാളി, കാബേജ്, ചീര, കുറ്റിബീന്‍സ്, മീറ്റര്‍ പയര്‍ എന്നിവയും മറ്റ് വിദേശയിനം പച്ചക്കറികളും അടക്കമാണ് അഞ്ചുസെന്‍റോളം വരുന്ന മഴ മറയ്ക്കുള്ളില്‍ കൃഷിയിറക്കിയിട്ടുള്ളത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നതിനൊപ്പം വിളവെടുക്കുന്ന പച്ചക്കറികള്‍ രാജാക്കാട്ടിലെ സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിലുള്ള ജൈവകാര്‍ഷിക മാര്‍ക്കറ്റിലെത്തിച്ച് വില്‍പന നടത്തുന്നുമുണ്ട്.
മികച്ച വരുമാനവും ഇതില്‍ നിന്ന് കണ്ടെത്താന്‍ കഴിയുന്നുണ്ടെന്ന് ജിജിന പറഞ്ഞു. രാജാക്കാട് സ്റ്റേഷനിലെ പൊലീസ് ഇൻസ്പെക്ടറായ പിതാവ് ജിജിയും രാജാക്കാട് ഗവ.സ്‌കൂൾ അധ്യാപികയായ ബിൻസിയും സഹോദരി ജോര്‍ജ്ജിറ്റ് റോസ് ജിജിയും ജിജിനയ്ക്ക് വേണ്ട സഹായവും പ്രോത്സാഹനവും നല്‍കി ഒപ്പമുണ്ട്.