ഇടുക്കി: ഉടുമ്പൻ ചോലക്ക് സമീപമുള്ള സ്വകാര്യ റിസോർട്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു നിശാപാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ ശാന്തൻപാറ പൊലീസ് കേസ് രജിസ്‌റ്റര്‍ അന്വേഷണം ആരംഭിച്ചു. വ്യവസായി റോയി കുര്യനെതിരെയാണ് ശാന്തൻപാറ പൊലീസ് കേസെടുത്തിയിരിക്കുന്നത്. ഉടുമ്പൻചോലക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിക്കുന്ന വ്യവസായ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂൺ 28-ന് നിശാപാർട്ടിയും ബെല്ലി ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചത്. ജില്ലാ കലക്ടറുടെ ഇടപടലിനെത്തുടർന്നാണ് നടപടി സ്വീകരിച്ചത്.
നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. പാർട്ടി നടന്ന ദിവസം റിസോർട്ടിൽ പരിശോധന നടത്താൻ പൊലീസ് എത്തി. എന്നാൽ ഉന്നത ഇടപെടലിനെ തുടർന്ന് പരിശോധന നടത്താൻ കഴിയാതെ ഇവർ തിരികെ മടക്കി. സ്വകാര്യ ഇവന്‍റ് മാനേജുമെന്‍റ് കമ്പനിയാണ് പാർട്ടിക്കായുള്ള സംവിധാനങ്ങൾ സ്വകാര്യ റിസോർട്ടിൽ ഒരുക്കിയത്. പാർട്ടിയിൽ 250 പേർ പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.
രാത്രി എട്ടിന് ആരംഭിച്ച പാർട്ടി പുലർച്ചെ ഒന്നു വരെ നീണ്ടു. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവർക്കു മദ്യപിക്കുന്നതിനുള്ള സൗകര്യം ഏർപ്പാടാക്കിയിരുന്നു. ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിച്ചെന്നാണ് വിവരം. രാത്രി എട്ട് മുതൽ നിശാപാർട്ടി പ്രദേശത്തെ റിസോർട്ടിൽ ആരംഭിച്ചു. ഒരു മണിക്കൂറിൽ 50 പേരെ വീതമാണ് പ്രവേശിപ്പിച്ചത്.