ഇടുക്കി : മികച്ച വിളവും കൂടുതല്‍ പ്രതിരോധ ശേഷിയുമുള്ള സുന്ദരി എന്ന ചെടി സ്വന്തമായി വികസിപ്പിച്ച്, ഏലം കൃഷി കൂടുതല്‍ ലാഭകരമാക്കിയിരിക്കുകയാണ് കുമളി ആനവിലാസം സ്വദേശിയായ ജെയിംസ് എന്ന കര്‍ഷകന്‍. 30 വര്‍ഷം കൊണ്ടാണ് ആനവിലാസം തുരുത്തിക്കിഴക്കേല്‍ ജെയിംസ്, ഏല സുന്ദരി എന്ന ഇനം സ്വന്തമായി വികസിപ്പിച്ചെടുത്തത്.
നാടന്‍ ഏലത്തില്‍ നിന്നും വിവിധ ഘട്ടങ്ങളിലായാണ് ഇത് വികസിപ്പിച്ചത്. വര്‍ങ്ങള്‍ക്ക് മുന്‍പ് സാധാരണ ചെടിയിലെ മികച്ച ഏലക്കാ തെരഞ്ഞെടുത്ത് അത് മുളപ്പിച്ചെടുത്തു. ഇത്തരത്തില്‍ വളര്‍ന്ന പുതിയ ചെടിയിലെ ഫലത്തില്‍ നിന്നും വീണ്ടും വിത്ത് ശേഖരിച്ച് കിളിര്‍പ്പിച്ചു. ഇങ്ങനെ അഞ്ചിലധികം തവണയാണ് പുതിയ തലമുറയെ സൃഷ്ടിച്ചെടുത്തത്. ഒരു ചെടി വളര്‍ത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതില്‍ നിന്നും അടുത്ത വിത്ത് ശേഖരിച്ചത്.
അവസാനം ലഭ്യമായ കൂടുതല്‍ ഗുണമേന്മയുള്ള ചെടികളെ വര്‍ഷങ്ങളോളം പരിപാലിച്ചാണ് ഈ ഇനം തയ്യാറാക്കിയത്. മറ്റ് കൃഷികളെ അപേക്ഷിച്ച് കൂടുതല്‍, സമയം വേണം എന്നതാണ് ഏലം പരിപാലനത്തിലെ ഏറ്റവും വലിയ വെല്ലുവിളി. കൃത്യമായ വളപ്രയോഗവും, കീടങ്ങള്‍ക്കെതിരെയുള്ള പ്രതിരോധവും, വെള്ളത്തിന്റെ ലഭ്യതയുമൊക്കെ ഇതിന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.
സുന്ദരിയ്ക്ക്, മറ്റ് ഏലച്ചെടികളേക്കാള്‍ പ്രതിരോധ ശേഷി കൂടുതലുണ്ടെന്നാണ് കര്‍ഷകനായ ജെയിംസും മകന്‍ ഐറിനും അവകാശപ്പെടുന്നത്. വളപ്രയോഗം വളരെ കുറച്ച് മതി. കീടനാശിനി പ്രയോഗം ആവശ്യമില്ല. വെള്ളം പോലും അധികമായി വേണ്ട. മണ്ണ് കുറവുള്ള, പാറയിടുക്കില്‍ പോലും ഇത് വളരുമെന്നും ഇവര്‍ പറയുന്നു.
also read: കൊവിഡ് വ്യാപനം, പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ അടച്ചു: ഇടുക്കിയിലെത്തുന്നവർക്ക് നിരാശ
നിലവില്‍ ജെയിംസിന്‍റെ കൃഷിയിടത്തില്‍ സുന്ദരി ഇനത്തില്‍ പെട്ട 300 മൂട് ചെടികളുണ്ട്. രണ്ട് വര്‍ഷം പ്രായമുള്ള ചെടിയില്‍ നിന്നും ശരാശരി അഞ്ച് മുതല്‍ ഏഴ് കിലോ വരെ ഏലക്കാ ലഭിയ്ക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
കൃഷിയിടത്തിലെ വിവിധ ജോലികള്‍ക്കായി കുറച്ചുസമയം ചെലവഴിച്ചാല്‍ മതി. കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം നേടിത്തരും. വേനല്‍ക്കാലത്ത് തുടര്‍ച്ചയായി നനയ്‌ക്കേണ്ട ആവശ്യമില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം ഏലസുന്ദരിയെ തേടി നിരവധി കര്‍ഷകര്‍ എത്തുന്നുണ്ടെങ്കിലും വില്പനയ്‌ക്കെന്ന രീതിയില്‍ ഉത്പാദിപ്പിച്ചിട്ടില്ല. സ്‌പൈസസ് ബോര്‍ഡിന്റെ സഹായത്തോടെ കൂടുതല്‍ കര്‍ഷകര്‍ക്ക്, ഏല സുന്ദരിയെ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കര്‍ഷകന്‍.