ഇടുക്കി: കൊവിഡിന്‍റെ വരവോടെ നാടെങ്ങും 'ഓൺലൈനാണ്' കാര്യങ്ങൾ. പഠനം മുതൽ വിപണനം വരെ.. ഈ അധ്യയന വർഷത്തിൽ സ്‌മാർട്ട് ഫോണും ടിവിയുമാണ് ക്ലാസ് മുറികളായത്. എന്നാൽ ഓൺലൈൻ പഠനത്തിന് മുഖ്യപങ്കുവഹിക്കുന്ന നെറ്റ്‌വർക്ക് ലഭിച്ചില്ലെങ്കിലോ..? പഠനം അവിടെ തീർന്നു.. മാട്ടുപ്പെട്ടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മക്കൾക്കാണ് ഈ ദുരിതം. ഏക ആശ്രയമായ ബിഎസ്‌എൻഎൽ പരിധിക്ക് പുറത്തായതോടെ നാളുകളായി പഠനം മുടങ്ങിയ അവസ്ഥയാണ്.
റെയ്ഞ്ച് ലഭിക്കുന്ന ഇടം കണ്ടെത്തി അവിടെ ചെന്നിരുന്ന് പഠിക്കേണ്ട ഗതികേടാണ് ഈ വിദ്യാർഥികൾ. ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് ആശ്രയിക്കുന്ന 130ല്‍ അധികം കുടുംബങ്ങളാണ് ദുരിതം നേരിടുന്നത്. മാട്ടുപ്പെട്ടി ഡോബി ലയൺസ്, കുട്ടിയാര്‍ എന്നീ പ്രദേശങ്ങളില്‍ വസിക്കുന്നവർക്കാണ് നാളുകളായി തുടരുന്ന ദുരിതം.
പഠനം മുടങ്ങാതിരിക്കാന്‍ നെറ്റ്‌വര്‍ക്ക് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. നിരവധി തവണ ഇക്കാര്യം അധികാരികളെ ബോധ്യപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പഠനത്തിനു പുറമേ അത്യാവശ്യ കാര്യങ്ങള്‍ക്ക് ഫോൺ വിളിക്കാൻ പോലും കഴിയാത്ത സാഹചര്യവും നിലവിലുണ്ട്.