ഇടുക്കി: ആരും സംരക്ഷിക്കാനില്ലാത്ത മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് തുണയായി അയല്‍വാസികള്‍. നെടുങ്കണ്ടം ചാറല്‍മേട് സ്വദേശി മനീഷാണ് അയല്‍വാസികളുടെ സംരക്ഷണതയില്‍ കഴിയുന്നത്. സ്വന്തം കുടുംബാംഗത്തെ പോലെയാണ് ഇവർ മനീഷിനെ പരിചരിക്കുന്നത്.
എട്ട് വര്‍ഷം മുന്‍പാണ് മനീഷ് മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്. ഭാര്യയും സഹോദരനും ഉള്‍പ്പടെയുള്ള ഉറ്റ ബന്ധുക്കള്‍ കയ്യൊഴിഞ്ഞതോടെ ചാറല്‍മേട്ടിലെ ചെറിയ വീടിനുള്ളില്‍ ഒറ്റയ്‌ക്കായി മനീഷിന്‍റെ താമസം. ആരും സംരക്ഷിക്കാനില്ലാതായതോടെ അയല്‍വാസികള്‍ മനീഷിന്‍റെ കാര്യങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
ഭക്ഷണം എത്തിച്ച് നല്‍കുന്നത് മുതല്‍ കുളിപ്പിക്കാനും വസ്‌ത്രങ്ങള്‍ അലക്കി നല്‍കാനും അയല്‍വാസികളെത്തും. മനീഷ് ആരോടും അധികം സംസാരിക്കാറില്ല. ചിലപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങി എങ്ങോട്ടെന്നില്ലാതെ പോകും. പലപ്പോഴും മണിക്കൂറുകളോളം അന്വേഷിച്ചാണ് മനീഷിനെ തിരികെ എത്തിക്കുന്നത്.
കഴിഞ്ഞ ദിവസം അപ്രത്യക്ഷനായ മനീഷിനെ തേര്‍ഡ് ക്യാമ്പില്‍ നിന്നാണ് കണ്ടെത്തിയത്. പകല്‍ സമയങ്ങളില്‍ ജോലിക്ക് പോകുന്നതിനാല്‍ അയല്‍വാസികള്‍ക്ക് മനീഷിനെ എപ്പോഴും ശ്രദ്ധിക്കാനും സാധിക്കില്ല. മനീഷ് ഇറങ്ങി പോകുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ വീട് പുറത്ത് നിന്നും പൂട്ടിയിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. 38കാരനായ ഈ യുവാവിന് ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് ഇവരുടെ ആഗ്രഹം.