ഇടുക്കി: പശ്ചിമഘട്ട മലനിരകളെ ഒന്നാകെ പൂക്കള്‍കൊണ്ട് മൂടി നീലക്കുറിഞ്ഞി പൂവിടുന്നത് അറിയാത്തവരും കാണാത്തവരും വിരളമായിരിക്കും. എന്നാല്‍, വീട്ടുമുറ്റത്ത് കുറിഞ്ഞി പൂവിട്ടത് എത്രപേര്‍ കണ്ടിട്ടുണ്ട്, അറിഞ്ഞിട്ടുണ്ട്.
അല്‍പം കൗതുകം ജനിപ്പിച്ച്, ഇടുക്കി ഹൈറേഞ്ചിലെ പുരയിടത്തില്‍ പൂവിട്ടിരിക്കുകയാണ് നീലക്കുറിഞ്ഞി. പത്തുവര്‍ഷമായി മുട്ടുകാട്ടിലെ ജോര്‍ജും കുടുംബവും വീട്ടുമുറ്റത്ത് ഈ ചെടികള്‍ വളര്‍ത്തുന്നു. ജില്ലയിലെ ശാലോംകുന്നിലും കിഴക്കാധിമലയിലും കുറിഞ്ഞി വസന്തം കൊഴിഞ്ഞപ്പോള്‍ മനോഹര കാഴ്‌ച ഇനിയും കാണാത്ത സഞ്ചാരികള്‍ മുട്ടുകാട്ടിലെ ഈ വീട്ടിലേക്കാണ് ഇപ്പോള്‍ എത്തുന്നത്. പൂക്കള്‍ കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും കുടുംബവും കുട്ടികളുമായും നിരവധിപേരാണ് ജോര്‍ജിന്‍റെ വീട്ടിലെത്തുന്നത്.
യാത്രക്കിടയില്‍ റോഡരികില്‍ വളര്‍ന്ന കുറിഞ്ഞി ചെടി കൗതുകം തോന്നി പറിച്ചെടുത്ത് വീട്ടില്‍ നട്ടതാണ് ജോര്‍ജിന്‍റെ ഭാര്യ ലാലി. വീട്ടുമുറ്റത്തും സമീപത്തുമായി നിരവധി ചെടികളും ഇവര്‍ പരിപാലിക്കുന്നുണ്ട്. തോട്ടങ്ങളില്‍ മാത്രം കണ്ടിരുന്ന സുന്ദര കാഴ്‌ച, ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ വീട്ടുമുറ്റത്തെത്തിയതിന്‍റെ സന്തോഷത്തിലാണ് ഈ കുടുംബം.
ALSO READ: എന്നും യൗവ്വനം, പ്രണയം സിനിമയോട്, സിനിമയുടെ സൗന്ദര്യത്തിന് എഴുപത് വയസ്...