ഇടുക്കി: നീലപ്പട്ടണിയിച്ച് ശീതകാലത്തെ വരവേൽക്കുകയാണ് ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകൾ. ശാന്തൻപാറയിൽ നിന്നും മൂന്നാർ - തേക്കടി സംസ്ഥാനപാതയിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറ എന്ന കൊച്ചുഗ്രാമത്തിൽ എത്തിച്ചേരാം. ഇവിടെ നിന്നും ഒന്നര കിലോമീറ്റർ മലകയറിയാൽ നീലവസന്തത്തിന്‍റെ മായാജാലം കണ്‍മുന്നില്‍ വിടരുകയായി. ഒപ്പം അതിർത്തി മലനിരകളുടെയും,ചതുരംഗപ്പാറ കാറ്റാടിപ്പാറയുടെയും മനോഹര ദൃശ്യങ്ങളും കാണാം.
2020ൽ ശാന്തൻപാറ ഗ്രാമപഞ്ചായത്തിന്‍റെ തോണ്ടിമലയിലും വ്യാപകമായി നീലകുറിഞ്ഞികൾ പൂത്തിരുന്നു. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മലനിരകൾ പ്രത്യാശയുടെ വർണ്ണ വസന്തം പകർന്നു നൽകുകയാണ്. ആരാലും അറിയപ്പെടാതെ അഞ്ച് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന മനോഹര ദൃശ്യം സഞ്ചാരികളെ കാത്തിരിക്കുകയാണ്. ഒന്നരകിലോമീറ്ററോളം കാനന പാതയിലൂടെയും പുൽമേടുകളിലൂടെയും സഞ്ചരിച്ചാൽ നീലവസന്തം നുകരാം.
മാത്രമല്ല, കള്ളിപ്പാറയിൽ നിന്നും ഓഫ് റോഡ് ജീപ്പ് സഫാരിയും ലഭ്യമാണ്. കോവിഡ് കാലവും പ്രളയവും എല്ലാം സഞ്ചാരികളിൽ നിന്നും മറച്ചുപിടിച്ച ഇടുക്കിയുടെ നീലവസന്തം വീണ്ടും കണ്‍മുന്നില്‍ തെളിയുകയാണ്.