ഇടുക്കി:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെടുങ്കണ്ടം പഞ്ചായത്ത് ഡൊമിസിലിയറി കൊവിഡ് കെയർ സെന്‍റർ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തിൽ രോഗവ്യാപനം വർദ്ധിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാകുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.വീടുകളിൽ താമസസൗകര്യം ഇല്ലാത്ത കൊവിഡ് രോഗികൾക്കുവേണ്ടിയാണ് ഡൊമിസിലിയറി കോവിഡ് കെയർ സെന്‍റർ ആരംഭിക്കുന്നത്.
നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്‌കൂളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. 50 കിടക്കകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ നെടുങ്കണ്ടത്ത് സി.എസ്.എൽ.ടി.സി. ആരംഭിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.കൊവിഡ് രോഗികൾക്ക് ഓക്‌സിജൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാകുന്ന സെന്‍ററാണ് സി.എസ്.എൽ.ടി.സി ഡൊമിസിലിയറി.
കൂടുതൽവായനയ്ക്ക്:നെടുങ്കണ്ടം ടൗണിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ തുടരും
കൊവിഡ് കെയർ സെന്‍ററിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയൻ നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് സിജോ നടയ്ക്കൽ അധ്യക്ഷനായിരുന്നു. ബിന്ദുസഹദേവൻ, ഡി ജയകുമാർ, ഷിഹാബുദീൻ യൂസഫ്, എം എസ് മഹേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.