ഇടുക്കി: മധ്യകേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മാർക്കറ്റുകളിലൊന്നായ ഇടുക്കി നെടുങ്കണ്ടം തൂക്കുപാലം മാർക്കറ്റ് പൊളിച്ച് മാറ്റിയിട്ട് ഒരു വർഷമാകുന്നു. ഹൈടെക് മാർക്കറ്റ് നിർമാണത്തിനെന്ന പേരിലാണ് പതിറ്റാണ്ടുകളായ് ഹൈറേഞ്ചുകാർ ആശ്രയിച്ചിരുന്ന പഴയ മാർക്കറ്റ് സമുച്ചയം പൊളിച്ചുമാറ്റിയത്. എന്നാൽ ഇതു വരെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനായിട്ടില്ല. ഇതോടെ മാർക്കറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ജനങ്ങളാണ് ദുരിതത്തിലായത്.
കുടിയേറ്റ കാലത്ത് തമിഴ്‌നാട്ടിൽ നിന്ന് എത്തിക്കുന്ന വാണിജ്യ വസ്തുക്കൾ കൊച്ചി, കോട്ടയം ആലപ്പുഴ തുടങ്ങിയ ഇടങ്ങളിലേക്കെല്ലാം അയച്ചിരുന്ന മധ്യകേരളത്തിലെ പ്രധാന മാർക്കറ്റുകളിൽ ഒന്നായിരുന്നു തൂക്കുപാലം മാർക്കറ്റ്. തമിഴ്‌നാട്ടിൽ നിന്ന് എത്തിക്കുന്ന അരി തൂക്കുപാലം മാർക്കറ്റിൽ സംഭരിച്ചായിരുന്നു സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച് നൽകിയിരുന്നത്. കുടിയേറ്റ കാലഘട്ടത്തിന് ശേഷവും ഹൈറേഞ്ചുകാരുടെ പ്രധാന മാർക്കറ്റുകളിലൊന്നായിരുന്നു സുഗന്ധവ്യഞ്ജനങ്ങളുടെ നാട്ടിലെ ഈ നാട്ടുചന്ത. എന്നാൽ കഴിഞ്ഞ വർഷം ഹൈടെക് മാർക്കറ്റ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് പകരം സംവിധാനങ്ങളൊന്നുമൊരുക്കാതെ കരുണാപുരം ഗ്രാമ പഞ്ചായത്ത് അധികൃതർ മാർക്കറ്റ് സമുച്ചയം പൊളിച്ചുമാറ്റുകയായിരുന്നു.
പൊളിച്ച് വർഷമൊന്ന് കഴിഞ്ഞിട്ടും യാതൊരു വിധ നിർമാണ പ്രവർത്തനങ്ങളും ആരംഭിക്കുവാനോ കച്ചവടക്കാരെ പുനരധിവസിപ്പിക്കുവാനോ നടപടികളൊന്നുമായിട്ടില്ല. ഗതാഗതക്കുരുക്ക് രൂക്ഷമായ ടൗണിൽ പാതയോരത്താണ് വ്യാപാരികൾ ഇപ്പോൾ കച്ചവടം നടത്തുന്നത്. സാധനങ്ങൾ വാങ്ങുന്നതിനോ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിനുളള സൗകര്യമോ ഇവിടെയില്ല. മാർക്കറ്റിൽ എത്തുന്നവർക്കായി ശുചി മുറികളോ നടപ്പാതയോ പോലുമില്ലാത്ത. മൂന്ന് കോടി രൂപ നിർമാണ ചെലവിലുള്ള പദ്ധതിയാണ് മാർക്കറ്റിൽ നടപ്പാക്കുന്നതെന്നായിരുന്നു പ്രഖ്യാപനം. എന്നാള്‍ മഴയും വെയിലും കൊള്ളാതെ സാധനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.