ഇടുക്കി: ഇടുക്കിയിലെ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഇത്തവണ ആര്‍ക്കൊപ്പമെന്ന് വിമതര്‍ വിധിയെഴുതും. ഇടത്, വലത് മുന്നണികള്‍ക്ക് വിവിധ വാര്‍ഡുകളില്‍ വിമത ശല്യം ഉണ്ട്. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിൻ്റെ മുന്നണി മാറ്റത്തോടെ ശക്തമായ പോരാട്ടം നടക്കുന്ന പഞ്ചായത്തിലാണ് വിമത ശല്യം മുന്നണികള്‍ക്ക് തലവേദനയാകുന്നത്.
കഴിഞ്ഞ രണ്ട് തവണയും വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്താണ് നെടുങ്കണ്ടം. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണിയിലെത്തിയതോടെ പഞ്ചായത്ത് നേടിയെടുക്കാനാകുമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ്. മുന്‍ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫില്‍ വിമത ശല്യം ഉണ്ടായിരുന്നു. ഇത്തവണ മുന്നണി സമവാക്യങ്ങള്‍ മാറിയതോടെ ഘടക കക്ഷികളെയും പ്രവര്‍ത്തകരെയും തൃപ്‌തിപ്പെടുത്തി സ്ഥാനാർഥികളെ നിര്‍ണയിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. എന്നാല്‍ വിവിധ വാര്‍ഡുകളില്‍ പ്രാദേശിക പിന്തുണയുള്ള വിമതര്‍ മത്സര രംഗത്ത് ഉണ്ട്. യുഡിഎഫ് മുന്നണിയുടെ ഭാഗമായ ആർ.എസ്.പി, പഞ്ചായത്തിലെ നാല് അഞ്ച് വാര്‍ഡുകളില്‍ ഒറ്റക്കാണ് മത്സരിക്കുന്നത്. മറ്റ് വാര്‍ഡുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കില്ല എന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്.
യു.ഡി.എഫ് ഘടക കക്ഷി മത്സരിക്കുന്ന മൂന്നാം വാര്‍ഡില്‍ കൈപത്തി ചിഹ്നത്തിലും നാലാം വാര്‍ഡില്‍ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ കോണ്‍ഗ്രസ് നേതാവും മത്സര രംഗത്തുണ്ട്. എൽ.ഡി.എഫിന് രണ്ട് വാര്‍ഡുകളില്‍ വിമത ഭീഷണിയുണ്ട്. സി.പി.ഐ മത്സരിക്കുന്ന അഞ്ചാം വാര്‍ഡില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മത്സര രംഗത്തുണ്ട്. ആറാം വാര്‍ഡിലും സി.പി.എം പ്രവര്‍ത്തക വിമതയായി മത്സരിക്കുന്നുണ്ട്.
രണ്ട് മുന്നണികള്‍ക്കും വിമതർമാരുള്ള അഞ്ചാം വാര്‍ഡിലാണ് പഞ്ചായത്തില്‍ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത്. മുന്നണികളുടെ വിജയ സാധ്യത ഇല്ലാതാക്കാന്‍ സാധിക്കുന്നവരാണ് മത്സര രംഗത്തുള്ള വിമതര്‍. ഹൈറേഞ്ചിലെ മിക്ക പഞ്ചായത്തുകളിലും യു.ഡി.എഫിന് വിമത ഭീഷണിയുണ്ട്. ഡി.സി.സി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാറിൻ്റെ സ്വന്തം പഞ്ചായത്തായ പാമ്പാടുപാറയില്‍ രണ്ട് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിമതരും ഒരു വാര്‍ഡില്‍ ആർ.എസ്.പിയും മത്സര രംഗത്തുണ്ട്.