ഇടുക്കി : ബാങ്ക് വായ്‌പ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. കട്ടപ്പന വെള്ളയാംകുടി സ്വദേശി കൂനംപാറയില്‍ ജോമോന്‍ ടോം ആണ് അറസ്റ്റിലായത്. 30 ലക്ഷം രൂപ ബാങ്ക് വായ്‌പ തരപ്പെടുത്തി നല്‍കാം എന്ന് വിശ്വസിപ്പിച്ച് ഇയാള്‍ നെടുങ്കണ്ടം സ്വദേശിയുടെ കൈയ്യില്‍ നിന്നും മൂന്ന് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
നിരവധി തട്ടിപ്പുകേസിലെ പ്രതിയാണ് ഇയാള്‍. കൂട്ടാര്‍ സ്വദേശിയുടെ ഭൂമി വിറ്റുനല്‍കാമെന്ന് പറഞ്ഞ്, 64 ലക്ഷം രൂപ വിലവരുന്ന ഭൂമി സ്വന്തം പേരിലേക്ക് മാറ്റിയ കേസും ഇയാള്‍ക്കെതിരെയുണ്ട്. വില്‍പ്പനയുടെ കമ്മിഷനായി രണ്ടര ലക്ഷം രൂപയും സ്ഥലം ഉടമയുടെ കൈയ്യില്‍ നിന്ന് വാങ്ങി. ഈ സ്ഥലം വില്‍ക്കാനുണ്ടെന്ന് കാണിച്ച് കന്യാകുമാരി സ്വദേശിയുടെ കൈയില്‍ നിന്നും 23 ലക്ഷം രൂപയും കൈപ്പറ്റി.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ്
സ്വന്തം പേരിലാക്കിയ ഭൂമി മറ്റൊരാള്‍ക്ക് മറിച്ച് വില്‍ക്കുകയും ചെയ്തു. തേനിയില്‍ നിന്നാണ് പ്രതി പിടിയിലായത്. വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് തമിഴ്‌നാട്ടില്‍ എത്തിച്ച് പൊളിച്ചുവിറ്റ സംഘത്തിലെയും പ്രധാനിയാണ് ഇയാള്‍. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ജോമോനെതിരെ നിരവധി തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്.
ബാങ്ക് വായ്‌പ തരപ്പെടുത്തി നല്‍കാം എന്ന് മോഹിപ്പിച്ച്, നിരവധിയാളുകളുടെ കൈയ്യില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിട്ടുണ്ട്. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലെ ആരാധാനലായങ്ങള്‍ കേന്ദ്രീകരിച്ച് നടന്നിട്ടുള്ള മോഷണ പരമ്പരകള്‍, ആലത്തൂര്‍ ബീവറേജിലെ മോഷണം തുടങ്ങിയ കേസുകളിലെയും പ്രതിയാണിയാള്‍.
ALSO READ: നിതിനയ്ക്ക് നാടിന്‍റെ അന്ത്യാഞ്ജലി ; മൃതദേഹം സംസ്‌കരിച്ചു
മൂവാറ്റുപുഴയില്‍ മോഷണ കേസുകളിലെ പ്രതികളെ ജീവനക്കാരാക്കി സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയിരുന്ന ഇയാള്‍, ആരാധനാലയങ്ങളിലെ മോഷണത്തിലൂടെ ലഭിച്ചിരുന്ന തുക സൂപ്പര്‍ മാര്‍ക്കറ്റിലൂടെയാണ് ചെലവഴിച്ചിരുന്നത്. ബാങ്ക് വായ്‌പയുടെയും വാഹനത്തട്ടിപ്പിന്‍റെയും പേരില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. കട്ടപ്പന ഡി.വൈ.എസ്.പി നിഷാദ് മോന്‍റെ നേതൃത്വത്തില്‍ നെടുങ്കണ്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.