ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ട് നാളെ സമർപ്പിക്കും. പൊലീസ് മർദനത്തെ തുടർന്നാണ് ഹരിത ഫിനാൻസ് തട്ടിപ്പു കേസിലെ പ്രതി രാജ് കുമാറിന്‍റെ മരണമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ എന്നാണ് സൂചന. നാളെ രാവിലെ ഒൻപത് മണിക്കാണ് റിപ്പോർട്ട് സമർപ്പിക്കുക. ജുഡിഷ്യൽ കമ്മിഷൻ അന്വേഷണം ആരംഭിച്ച് ഒന്നര വർഷത്തിനിടെ രാജ് കുമാർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 73 സാക്ഷികളെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തി. നെടുങ്കണ്ടം സ്റ്റേഷനിലെ എസ് ഐ യുടെ മുറിയിൽ വെച്ചും ഒന്നാം നിലയിലെ വിശ്രമമുറിയിൽ വെച്ചും മർദിച്ചതായുള്ള സാക്ഷികളുടെ മൊഴികൾ വസ്‌തുതാപരമാണന്ന് കമ്മിഷൻ കണ്ടെത്തിയിരുന്നു.
ഹരിത ഫിനാന്‍സ് തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീയെ പീഡിപ്പിച്ചുവെന്നുള്ള പരാതിയുടെയും നിജസ്ഥിതി കമ്മിഷൻ പരിശോധിച്ചിരുന്നു. 2019 ജൂലൈ 21 നാണ് പീരുമേട് സബ് ജയിലില്‍ റിമാന്‍റില്‍ കഴിഞ്ഞിരുന്ന രാജ് കുമാര്‍ മരണപ്പെടുന്നത്. കസ്റ്റഡി മരണത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പല പോരായ്‌മകളും കണ്ടെത്തിയതിനെ തുടര്‍ന്ന് റീ പോസ്റ്റ്‌മോര്‍ട്ടം വരെ കമ്മിഷന്‍റെ ഇടപെടലിനെ തുടര്‍ന്ന് നടത്തുകയുണ്ടായി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ വിശ്രമമുറി, എസ്ഐയുടെ മുറികൾ തുടങ്ങി വിവിധ മുറികൾ, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, രാജ് കുമാറിന്‍റെ വാഗമണ്ണിലെ വീട് തുടങ്ങിയിടങ്ങളിൽ തെളിവെടുപ്പ് നടത്തി. രാജ് കുമാറിന്‍റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും പിന്നെ മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്‌തുതകളും കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ പൂർണമായി പരിശോധിച്ചു.
രാജ് കുമാറിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്തപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിട്ടുള്ള വീഴ്‌ചകള്‍, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം എന്നിവ ഉൾക്കൊള്ളിച്ച നിർദേശങ്ങളും സർക്കാരിന് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിൽ ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.