ഇടുക്കി : കരുണാപുരം പഞ്ചായത്തില്‍, എന്‍.ഡി.എ ഘടകകക്ഷിയായ ബിഡിജെഎസിന്‍റെ പിന്തുണയില്‍ യു.ഡി.എഫിന് ഭരണം. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എട്ടിനെതിരെ ഒന്‍പത് വോട്ടുകള്‍ക്ക് എല്‍.ഡി.എഫിലെ വിന്‍സി വാവച്ചനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ മിനി പ്രിന്‍സ് പ്രസിഡന്‍റായി.
ബി.ഡി.ജെ.എസ് അംഗത്തിന് വൈസ് പ്രസിഡന്‍റ് പദവി നല്‍കിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. വി. ബി.ഡി.ജെ.എസ് അംഗമായ ബിനു പി.ആര്‍ ആണ് വൈസ് പ്രസിഡന്‍റ്. ജില്ലയില്‍ ആദ്യമായാണ് ബി.ഡി.ജെ.എസ് ഒരു പഞ്ചായത്തിന്‍റെ ഭരണത്തില്‍ എത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും യു.ഡി.എഫിന് നഷ്ടമായിരുന്നു. എല്‍.ഡി.എഫും യു.ഡി.എഫും തുല്യ വാര്‍ഡുകളില്‍ വിജയിച്ച കരുണാപുരം നറുക്കെടുപ്പിലൂടെയാണ് എല്‍.ഡി.എഫിന് ലഭിച്ചത്. അന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്നും ബി.ഡി.ജെ.എസ് അംഗം വിട്ടുനില്‍ക്കുകയായിരുന്നു.
കൂടുതല്‍ വായനക്ക്: എസ്.ഡി.പി.ഐ പിന്തുണച്ചു ; ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍.ഡി.എഫിന്‍റെ അവിശ്വാസം പാസായി
തുടര്‍ന്ന് കഴിഞ്ഞ മാസം യു.ഡി.എഫ് അവിശ്വാസം കൊണ്ടുവരികയും എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്‍റെ പിന്തുണയോടെ പാസാക്കുകയുമായിരുന്നു. നിലവില്‍ യു.ഡി.എഫ് എട്ട്, എല്‍.ഡിഎഫ് എട്ട്. എന്‍.ഡി.എ ഒന്ന് എന്നതാണ് കരുണാപുരത്തെ കക്ഷി നില. പ്രാദേശിക സാഹചര്യങ്ങള്‍ മൂലമാണ് യു.ഡി.എഫിന് പിന്തുണ നല്‍കിയതെന്നാണ് ബി.ഡി.ജെ.എസ് ജില്ലാ ഘടകത്തിന്‍റെ പ്രതികരണം.
വെളിച്ചത്തുവന്നത് കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ടെന്ന് സിപിഎം
ഇടുക്കിയില്‍ പുതിയ ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യുവിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബിജെപി- കോണ്‍ഗ്രസ് കൂട്ടുകെട്ടിന്‍റെ ആദ്യ പരീക്ഷണമാണ് കരുണാപുരത്ത് നടന്നതെന്നാണ് സി.പി.എം ആരോപണം.