ഇടുക്കി: ആദ്യം അപകട ബോധവത്കരണം, പിന്നെ വോട്ടു ചോദ്യം, ഇതാണ് ഉടുമ്പൻചോലയിലെ എൻഡിഎ സ്ഥാനാർഥിയുടെ വ്യത്യസ്ഥമായ തെരഞ്ഞെടുപ്പ് പ്രചാരണ രീതി. ചുട്ടുപൊള്ളുന്ന മീനച്ചൂടിൽ ഹെൽമറ്റ് ധരിച്ചെത്തി കാര്യം പറഞ്ഞു പോകുന്ന സ്ഥാനാർഥി സന്തോഷ് മാധവൻ നാട്ടുകാർക്കും കൗതുകമാണ്. മലയോര മണ്ഡലത്തിലെ കവലകളിൽ ഇരുചക്രവാഹനത്തിലെത്തി വോട്ടു ചോദിക്കുന്ന കാഴ്ചയാണ് എൻഡിഎ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം. ഹെൽമറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ആദ്യം പറയും പിന്നീട് വോട്ടഭ്യർഥന.
ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലമായ ഉടുമ്പൻചോലയിൽ സ്ഥാനാർഥിയ്ക്ക് ഇത്തവണ അനുവദിച്ച് കിട്ടിയ ചിഹ്നം ഹെൽമറ്റായിരുന്നു. പാർട്ടി ചിഹ്നങ്ങളിൽ മത്സരിക്കുന്ന എതിർ സ്ഥാനാർഥിമാരായ ഇ. എം. ആഗസ്ഥിക്കും എംഎം മണിയ്ക്കുമിടയിൽ തന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തിനപ്പുറം അപകട ബോധവത്കരണത്തിനുള്ള അവസരമായി കൂടിയാണ് പ്രചാരണത്തെ കാണുന്നതെന്ന് സന്തോഷ് പറയുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പല അടവുകളും സ്ഥാനാർഥികൾ പയറ്റാറുണ്ടെങ്കിലും ഹെൽമെറ്റ് ബോധവത്കരണം തരക്കേടില്ലന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഹെൽമെറ്റ് പ്രചാരണം എത്രകണ്ട് വോട്ടാവുമെന്ന് കാത്തിരുന്നു കാണണം.