ഇടുക്കി : ജില്ലയില്‍ ഒക്ടോബര്‍ 16ാം തിയ്യതിയിലുണ്ടായ അതിതീവ്രമായ മഴയിലും പ്രകൃതി ക്ഷോഭത്തിലും 183 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി ജില്ല ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ട്. 12 മരണങ്ങളാണ് സംഭവിച്ചത്. 119 വീടുകള്‍ പൂര്‍ണമായും 391 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ റോഡുകള്‍ താറുമാറായി.
നാശനഷ്ടം സംഭവിച്ച വിശദമായ കണക്കെടുപ്പ് നടന്നുവരുന്നതായി ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. 183,43,35,300 രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഇതുവരെയുള്ള കണക്ക്.
Also Read: ദത്ത് നടപടി നിയമപ്രകാരം ; ഷിജുഖാന് സിപിഎമ്മിന്‍റെ പൂര്‍ണ പിന്തുണ
കൊക്കയാര്‍ ഉരുള്‍ പൊട്ടലില്‍ അമ്‌ന സിയാദ് (7), അഫ്‌സാന ഫൈസല്‍ (8), അഫിയാന്‍ ഫൈസല്‍ (4), ഷാജി ചിറയില്‍ (55), ഫൗസിയ സിയാദ് (28), അമീന്‍ സിയാദ് (10), സച്ചു ഷാഹുല്‍ (7) എന്നിവരാണ് മരിച്ചത്.
ഒഴുക്കില്‍പ്പെട്ട് പീരുമേട് താലൂക്കിലെ ജോജോ വടശ്ശേരില്‍ (44), കൊക്കയാര്‍ വില്ലേജില്‍ ആന്‍സി ബാബു (50), ചേലപ്ലാക്കല്‍ എന്നിവര്‍ക്ക് ജീവഹാനിയുണ്ടായി. തൊടുപുഴയില്‍ വാഹനം വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശി നിഖില്‍ ഉണ്ണികൃഷ്ണന്‍ (29) മൂവാറ്റുപുഴ സ്വദേശി നിമ വിജയന്‍ (31) എന്നിവരും ഉടുമ്പന്‍ചോല പൂപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് മോഹനനും (62) മരിച്ചിരുന്നു.
പ്രാഥമിക കണക്കുകള്‍ പ്രകാരം 151.34 ഹെക്ടര്‍ പ്രദേശത്ത് വിള നാശം
പ്രാഥമിക കണക്കുകള്‍ പ്രകാരം 151.34 ഹെക്ടര്‍ പ്രദേശത്തെ വിള നാശമാണ് രേഖപ്പെടുത്തിയത്. 4194 കര്‍ഷകരെയാണ് ഇത് ബാധിച്ചിട്ടുള്ളത്. 10,92,300 രൂപയുടെ നാശനഷ്ടമാണ് മൃഗ സംരംക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്.
ജില്ലയില്‍ പി.ഡബ്ല്യു.ഡി റോഡുകള്‍ക്കുണ്ടായ ഏകദേശ നാശനഷ്ടം 55 കോടി രൂപയാണ്. ജില്ലയില്‍ ആകെ 99.4 കോടി രൂപയുടെ നാശനഷ്ടം ചെറുകിട ജലസേചന വകുപ്പിന് ഉണ്ടായി. കൂടാതെ സംരക്ഷണ ഭിത്തി തകര്‍ന്നുപോയതില്‍ 569,40,000 രൂപയുടെ നാശനഷ്ടം നേരിട്ടിട്ടുമുണ്ട്.
കുടിവെള്ള പദ്ധതികള്‍ക്കായി വാട്ടര്‍ അതോറിറ്റിക്ക് ആകെ 1,19,49,000 രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ ആകെ 119 വീടുകള്‍ക്ക് പൂര്‍ണമായും 391 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളതായി പ്രാഥമികമായി കണ്ടെത്തി.
ഇവയുടെ നാശനഷ്ടം പൂര്‍ണതോതില്‍ കണക്കാക്കി വരുന്നു. ഇതിന്റെ ഏകദേശ നഷ്ടം 15 കോടി രൂപയാണ്. ജില്ലയില്‍ നിലവില്‍ 32 ദുരിതാശ്വാസ ക്യാമ്പുകളിലായി 651 കുടുംബങ്ങളിലെ 2146 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.