ഇടുക്കി : നെടുങ്കണ്ടം കൊച്ചുകാമാക്ഷിയിൽ നന്നങ്ങാടി കണ്ടത്തി. നരിവേലിക്കുന്നേൽ ജോസഫിന്‍റെ കൃഷിയിടത്തിൽ നിന്നാണ് ഇത് കണ്ടെത്തിയത്. വർഷങ്ങളുടെ പഴക്കമുള്ള നന്നങ്ങാടി കുടം എന്നിവ തൊഴിലുറപ്പ് ജോലികൾ നടക്കുന്നതിനിടെയാണ് ശ്രദ്ധയില്‍പ്പെട്ടത്.
മുൻപും സമീപപ്രദേശങ്ങളിൽ കൃഷി ആവശ്യത്തിനും മറ്റുമായി മണ്ണ് നീക്കംചെയ്യുന്നതിനിടെ നിരവധി നന്നങ്ങാടികൾ ലഭിച്ചിട്ടുണ്ട്. പടുതാകുളം നിർമിക്കുന്നതിനിടെ പുരാവസ്‌തു ലഭിച്ചതോടെ തൊഴിലുറപ്പ് തൊഴിലാളികള്‍ കുടം പൊട്ടാതെ മണ്ണിൽ നിന്നും പുറത്തെടുക്കുകയായിരുന്നു.
ലഭിച്ച നന്നങ്ങാടി സ്ഥല ഉടമയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ് കല്ലുകൊണ്ട് കുടത്തിന്‍റെ വായ് ഭാഗം അടച്ച നിലയിലാണ് ലഭിച്ചത്. കുടത്തിനകത്ത് നിന്നും ചെറിയ മൺകുടത്തിന് സമാനമായ അവശിഷ്‌ടങ്ങളും ലഭിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിനടക്കം ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം അഥവാ ഒരുതരം ശവക്കല്ലറയാണ് നന്നങ്ങാടി.
മൃതദേഹം ഭരണികളിലാക്കി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു പതിവ്. ഇത് മഹാശിലാ സംസ്‌കാരകാലത്തെ രീതിയാണ്. ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും നന്നങ്ങാടികളിലാക്കി കുഴിച്ചിടാറുണ്ട്.