ഇടുക്കി : അടിമാലി മാങ്കുളം ആനക്കുളത്ത് വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു. ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം.
'ഭാര്യയെ കൊലചെയ്‌ത്, ഭര്‍ത്താവ് ആത്മഹത്യ ചെയ്തു'
മാങ്കുളം ആനക്കുളത്ത് നെടുമ്പാല പുഴയിൽ ജോസിനെയും ഭാര്യ സെലിനെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോസഫ് മാത്യു വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യ സെലിൻ കിടപ്പുമുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സെലിന്‍റെ തലയിൽ മുറിവുള്ളതായി പൊലീസ് പറഞ്ഞു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജോസഫ് മാത്യു തൂങ്ങി മരിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. വീട് അകത്ത് നിന്ന് പൂട്ടിയിരുന്നു. പുറത്തുനിന്ന് ആരും വീടിനുള്ളിലേക്ക് പ്രവേശിച്ചതിന്‍റെ തെളിവുകൾ ഇല്ലെന്നും പൊലീസ് പറഞ്ഞു. മരണകാരണം സംബന്ധിച്ച് പൊലീസിന് വ്യക്തത ലഭിച്ചിട്ടില്ല.
സംഭവം പുറംലോകമറിഞ്ഞത് ചൊവ്വാഴ്ച വൈകിട്ട്
മകളെ വിവാഹം കഴിച്ചയച്ചതിന് ശേഷം ദമ്പതികൾ തനിച്ചായിരുന്നു താമസിച്ചുവന്നിരുന്നത്. ജോസഫ് മാത്യു ആനക്കുളത്ത് മലഞ്ചരക്ക് കച്ചവടവും മറ്റും നടത്തി വന്നിരുന്നെന്നാണ് വിവരം.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം ജോസഫ് മാത്യുവിനെ അന്വേഷിച്ച് വീട്ടിലെത്തിയവരുടെ ശ്രദ്ധയിൽ സംഭവം പതിഞ്ഞതോടെയാണ് വിവരം പുറംലോകമറിയുന്നത്.
തുടർന്ന് മൂന്നാർ ഡി.വൈ.എസ്.പി കെ.ആർ മനോജിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി തുടർ നടപടി സ്വീകരിച്ചു. പൊലീസ് അയൽവാസികളിൽ നിന്നും മറ്റും വിവരങ്ങൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്‌ധരുമെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചു.
ALSO READ: മുട്ടിൽ മരം മുറി : പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് സർക്കാർ ഹൈക്കോടതിയിൽ