ഇടുക്കി: ശിലായുഗ കാലത്തെക്കാണ് ചിന്നക്കനാൽ പഞ്ചായത്തിലെ മുട്ട്കാട് മുനിയറ കുന്നുകൾ നമ്മെ ക്ഷണിക്കുന്നത്. ഇടുക്കിയിലെ ചരിത്രാവശിഷ്ടങ്ങളിൽ എറ്റവും പ്രധാനമാണ് മുട്ടുകാട്ടിലെ മുനിയറകൾ. ചരിത്ര അവശേഷിപ്പുകൾക്ക് ഒപ്പം പ്രകൃതിയുടെ ദൃശ്യമനോഹാരിതയും മുനിയറകുന്ന് സമ്മാനിക്കുന്നു. മുനിയറ കുന്നിലെ നോക്കാത്ത ദൂരം പരന്ന് കിടക്കുന്ന പാടശേഖരവും സുഗന്ധവ്യഞ്ജന കൃഷിയും നീർച്ചാലുകളും പൂക്കളും,നനുത്തകാറ്റിനൊപ്പം ഓടി ഒളിക്കുന്ന കോടമഞ്ഞും കുന്നിനെ കൂടുതൽ സുന്ദരിയാക്കുന്നു.
പ്രദേശത്തെ മുനിയറകൾ രണ്ടായിരത്തോളം വർഷം പഴക്കമുള്ളവയാണ്. ഒറ്റതിരിഞ്ഞും കൂട്ടത്തോടെയുമാണ് ഇവ സ്ഥിതി ചെയ്യുന്നത്. വലിയ കൽപ്പാളികളുപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഇത്തരം ശവക്കല്ലറകൾ അന്നത്തെ ജനത ഫലവത്തായ വിദ്യകൾ ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്.
ഇരുപതിൽപരം മുനിയറകളാണ് മുട്ട്കാട് കുന്നിൽ ഉള്ളത്. പ്രദേശത്ത് വലിയ ഒരു ഗുഹയും കാണാം. ആദിമ മനുഷ്യർ കൂട്ടമായി ഇവിടെ വസിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. ശിലായുഗ മൂല്യം പേറുന്ന ഈ പ്രദേശം സംരക്ഷിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ജില്ലയുടെ ചരിത്ര താളുകളിൽ മുനിയറകുന്ന് ഇടം നേടുമെന്നതിൽ സംശയമില്ല.