ഇടുക്കി: യുവാവിനെ വെടിവച്ച ശേഷം തമിഴ്‌നാട് വനമേഖലയിലേക്ക് കടന്നയാളെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ കമ്പംമെട്ട് സ്വദേശി ചക്രപാണി സന്തോഷിനെയാണ് ഏഴ് മാസങ്ങള്‍ക്ക് ശേഷം കമ്പംമെട്ട് സി.ഐ ജി സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജനുവരി 22 രാത്രിയിലാണ് തണ്ണിപ്പാറ സ്വദേശി ഉല്ലാസിനെ സന്തോഷ് വെടിവച്ചത്. ചൊവ്വാഴ്ച ഉല്ലാസിനെ വീണ്ടും അപായപ്പെടുത്താന്‍ കത്തിയുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സന്തോഷിനെ പിടികൂടിയത്. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചാണ് സന്തോഷ് ഉല്ലാസിനെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. തോക്ക് കണ്ടെത്താൻ പൊലീസ് തിരച്ചില്‍ ആരംഭിച്ചു. സന്തോഷ് വനത്തിലേക്ക് കടന്ന ശേഷം തമിഴ്നാട് വനത്തിലെ മലമുകളില്‍ നിന്നും മുന്നു തവണ വെടിയൊച്ച കേട്ടിരുന്നു.
യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ തുടര്‍ന്ന് കമ്പംമെട്ട് സിഐ ജി സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനല്‍കി. തമിഴ്‌നാട് വനമേഖലയില്‍ ഗുണ്ടാസംഘങ്ങളോട് ഒപ്പമാണ് കഴിഞ്ഞ ഏഴ് മാസമായി സന്തോഷ് ഒളിവില്‍ കഴിഞ്ഞത്. ജനുവരിയില്‍ മുറ്റത്ത് നില്‍ക്കുകയായിരുന്ന ഉല്ലാസിനെ റോഡില്‍ പതുങ്ങിനിന്നാണ് സന്തോഷ് വെടിവെച്ചത്. ഉല്ലാസിന്‍റെ വലതുകാലിലൂടെ തുളച്ചു കയറിയ പെല്ലറ്റ് ഇടതുകാലില്‍ തറച്ചു കയറിയ നിലയിലായിരുന്നു.ഇയാളുടെ ഇരുകാലുകളുടെയും എല്ലുകള്‍ തകര്‍ന്നു. ഉല്ലാസിന്‍റെ പുരയിടത്തില്‍ ജോലി ചെയ്തുവരികയായിരുന്നു സന്തോഷ്. സംഭവ ദിവസവും ഉച്ചവരെ ഇയാള്‍ ഉല്ലാസിനൊപ്പം ഏലം നട്ടുപിടിക്കുന്ന ജോലി ചെയ്യുകയായിരുന്നു. സന്തോഷ് രാത്രി എട്ടോടെ ഉല്ലാസിനെ ഫോണില്‍ വിളിച്ചു. ഒരു സാധനത്തിനെ കിട്ടിയിട്ടുണ്ടെന്നും അതുമായി അങ്ങോട്ട് വരികയാണെന്നും അറിയിച്ചു. തുടര്‍ന്ന് സന്തോഷിന്‍റെ വിളികേട്ട് വാതില്‍ തുറന്ന ഉല്ലാസിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാട്ടുകാരും പൊലീസും എത്തിയാണ് ഉല്ലാസിനെ ആശുപത്രിയിലെത്തിച്ചത്. വെടിയേറ്റ ഉല്ലാസ് നടക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്.
പ്രതിയെ സാമുഹിക അകലം പാലിച്ച് ഒമ്പത് പൊലീസുകാരുടെ സംഘമാണ് സ്റ്റേഷനില്‍ എത്തിച്ചത്. കൊവിഡ് പരിശോധനക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ചക്രപാണി സന്തോഷ് ഇതിനു മുമ്പ് നാലുപേരെ വെടിവെച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തിൽ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ്.