ഇടുക്കി : കോടമഞ്ഞ് മലയിറങ്ങി എത്തിയതോടെ തെക്കിന്‍റെ കാശ്‌മീരായ മൂന്നാർ അതിശൈത്യത്തിൽ. താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തിയതോടെ മൂന്നാറിന്‍റെ കുളിരുതേടി സഞ്ചാരികളും എത്തിത്തുടങ്ങി. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങിയതോടെ വലിയ പ്രതിക്ഷയിലാണ് ടൂറിസം മേഖല.
2018ലെ പ്രളയകാലം മുതല്‍ പ്രതിസന്ധിയിലായ ഇടുക്കിയിലെ ടൂറിസം മേഖല തിരിച്ച് വരവിന്‍റെ പാതയിലാണ്. പുതുവത്സരം പ്രമാണിച്ച് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സഞ്ചാരികൾ മൂന്നാറിലെ കോട്ടേജുകളും റിസോർട്ടുകളും മുൻകൂർ ബുക്ക് ചെയ്‌തിരിക്കുകയാണ്. പകൽവെയിലിന് ചൂട് കൂടുന്നതനുസരിച്ച് സന്ധ്യയാകുന്നതോടെ തണുപ്പും കൂടുന്നു.
മൂന്നാർ-ഉദുമൽപേട്ട റോഡിൽ പുലർച്ചെ പെരിയവരെ, കന്നിമല എസ്റ്റേറ്റ് ഭാഗത്ത് പുൽമൈതാനിയിൽ വെള്ളവിരിച്ച നിലയിൽ മഞ്ഞ് വീണുകിടക്കുന്നത് കാണാൻ നിരവധി ആളുകളാണ് എത്തുന്നത്.
ALSO READ: കാനനപാത 31ന് തുറക്കും ; സഞ്ചാര യോഗ്യമാക്കല്‍ അവസാനഘട്ടത്തില്‍
ടോപ്പ്സ്റ്റേഷൻ, വട്ടവട, കാന്തല്ലൂർ എന്നിവിടങ്ങളിലേക്കും സഞ്ചാരികൾ ധാരാളമായി എത്തിത്തുടങ്ങി. വരുംദിവസങ്ങളിൽ താപനില മൈനസിലേക്ക് എത്തും. കൊവിഡ് വ്യാപനത്തിൽ കുറവുവന്നതോടെ വിദേശത്തുനിന്നും സന്ദർശകർ എത്തിത്തുടങ്ങി.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്‍റ്, കുണ്ടള എന്നിവിടങ്ങളിൽ സഞ്ചാരികളുടെ തിരക്കുണ്ട്. ക്രിസ്മസ് ദിനത്തിലും ഡിസംബര്‍ 26നുമായി 20000പരം സഞ്ചാരികളാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിച്ചത്.
ക്രിസ്മസ് ദിനത്തില്‍ 3500ല്‍ പരം ആളുകള്‍ രാമക്കല്‍മേട് സന്ദര്‍ശിച്ചു. ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള ടൂറിസം സെന്‍ററുകളിലും വന്‍ തരിക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് മൂലം ടിക്കറ്റ് ലഭ്യമാകാതെ മറ്റ് കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങുന്നവരും നിരവധിയാണ്.
ന്യൂ ഇയര്‍ ദിനം വരെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷ. ഡിസംബർ, ജനുവരി മാസങ്ങളിലാണ് മൂന്നാറിൽ ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്നത്.