ഇടുക്കി: മഞ്ഞിൽ പുതച്ച് സുന്ദരിയായി നിൽക്കുകയാണ് തെക്കിന്‍റെ കശ്‌മീരായ മൂന്നാർ. എങ്ങും മഞ്ഞണിഞ്ഞ പുല്‍മേടുകളും, മലനിരകളും. അതിശൈത്യത്തില്‍ പറഞ്ഞറിയിക്കാനാകാത്ത സൗന്ദര്യമാണ് ഇവിടുത്തെ പ്രഭാത കാഴ്‌ചകള്‍ക്ക്. ഒരിടവേളയ്‌ക്ക് ശേഷം മൂന്നാറില്‍ താപനില വീണ്ടും മൈനസിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം താപനില താഴ്ന്നതോടെ മൂന്നാറിലിലെയും പരിസര പ്രദേശങ്ങളിലെയും സൗന്ദര്യമാസ്വദിക്കാന്‍ സഞ്ചാരികളും എത്തി തുടങ്ങി.
സഞ്ചാരികളുടെ മനസ് നിറക്കുന്നതാണ് മൂന്നാറിലെ കാഴ്‌ചകള്‍. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ മൈനസ് ഒന്നായിരുന്നു രാവിലത്തെ താപനില. സമീപ എസ്റ്റേറ്റുകളായ ലക്ഷ്‌മി, സൈലന്‍റ് വാലി, ചെണ്ടുവര, സെവന്‍മല തുടങ്ങിയ ഇടങ്ങളിലും താപനില മൈനസിലെത്തി.
തണുത്തു വിറക്കുമ്പോഴും ഇളം വെയിലില്‍ വെട്ടി തിളങ്ങുന്ന മഞ്ഞിന്‍ കണങ്ങളും, മലനിരകളും, പച്ചപ്പില്‍ പുതപ്പിച്ച തേയിലത്തോട്ടങ്ങളും മൂന്നാറിന്‍റെ സൗന്ദര്യം വീണ്ടും വീണ്ടും വര്‍ധിപ്പിക്കുകയാണ്. മൂന്നാറിന്‍റെ കുളിര് തേടി വരും ദിവസങ്ങളിലും കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ.